print edition സെനറ്റിൽ പ്രതിഷേധം; വിസി ഇറങ്ങിപ്പോയി


സ്വന്തം ലേഖകൻ
Published on Jul 03, 2026, 12:00 AM | 1 min read
തിരുവനന്തപുരം: കേരള സർവകലാശാലയുടെ പ്രത്യേക സെനറ്റ് യോഗത്തിൽ താൽക്കാലിക വൈസ് ചാൻസലറുടെ സർവകലാശാല വിരുദ്ധ നിലപാടുകൾക്കെതിരെ കനത്ത പ്രതിഷേധം. സെനറ്റംഗങ്ങളുടെ പ്രതിഷേധത്തിൽ മറുപടിയില്ലാതെ മോഹനൻ കുന്നമ്മൽ യോഗം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. പുതിയ സ്റ്റാൻഡിങ് കൗൺസലിനെ ശരവേഗത്തിൽ നിയമിക്കാൻ, നിയമപരിധി ലംഘിച്ച് നടപടിയെടുത്തുവെന്നും ജാതിഭ്രാന്തിന്റെ ഇരയായ പാവപ്പെട്ട ദളിത് വിദ്യാർഥിയുടെ പിഎച്ച്‌ഡി മാസങ്ങളായി തടഞ്ഞുവച്ച് പീഢിപ്പിക്കുന്നുവെന്നും വിമർശമുയർന്നു.
സെനറ്റ് പാസാക്കിയ ബജറ്റ് നടപ്പാക്കാനും നടപടിയില്ല. ഭരണപരമായ വിഷയങ്ങളിൽ ചോദ്യം ഉയർന്നതോടെയാണ് മൗനം പാലിച്ച് വിസി ഇറങ്ങിപ്പോയത്. ഇഷ്ടക്കാർക്കും സംഘപരിവാറുകാർക്കും യഥേഷ്ടം നിയമനങ്ങളും പദവികളും നൽകുന്നതിലും യോഗ്യത ലംഘിച്ച് സംഘപരിവാറുകാരെക്കൊണ്ട് ഡീൻഷിപ്പും ബോർഡ് ഓഫ് സ്റ്റഡീസും നിറയ്ക്കുന്നതിലുമാണ് വിസിയുടെ ശ്രദ്ധയെന്ന് ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ ആരോപിച്ചു.
പദവിയുടെ അന്തസ്സും വിശ്വാസ്യതയും കാറ്റിൽപ്പറത്തിയാണ് വിസി മോഹനൻ കുന്നുമ്മൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത്. അക്കാദമിക് പാരമ്പര്യം തകർത്ത് സ്വകാര്യ സർവകലാശാലകൾക്ക് വഴിയൊരുക്കുന്ന സമീപനമാണ് വിസിയുടേത്. 98 ദിവസമായി സിൻഡിക്കറ്റ് ചേർന്നില്ലെന്നും കൃത്യമായ ഇടവേളകളിൽ സെനറ്റ് യോഗങ്ങൾ വിളിക്കാൻ വിസി തയ്യാറാകുന്നില്ലെന്നും സിൻഡിക്കറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ ജി മുരളീധരൻ പറഞ്ഞു. സിൻഡിക്കറ്റംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നു.










0 comments