print edition കേരളത്തെ സെമികണ്ടക്ടർ, ഇവി ഹബ്ബാക്കാൻ അക്കാദമി: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖലയെ വ്യവസായലോകവുമായി ബന്ധിപ്പിക്കുന്നതിന് ട്രസ്റ്റ് അക്കാദമി പ്രവർത്തനം ആരംഭിക്കും. വ്യവസായ ആവശ്യങ്ങൾക്ക് അനുസൃതമായ പ്രായോഗിക നൈപുണ്യമുള്ള എൻജിനിയർമാരെയും ടെക്‌നീഷ്യൻമാരെയും വാർത്തെടുക്കുന്ന ഡീപ്-ടെക് ടാലന്റ് ഫാക്ടറിയായി ഈ അക്കാദമി മാറുമെന്ന് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അത്യാധുനിക ഇലക്ട്രോണിക്സ്, ഇലക്ട്രിക് മൊബിലിറ്റി മേഖലകളിൽ കേരളത്തെ ആഗോളതലത്തിൽ അടയാളപ്പെടുത്താൻ ലക്ഷ്യമിട്ട് തിരുവനന്തപുരം ട്രസ്റ്റ് റിസർച്ച് പാർക്കിലാണ് അക്കാദമി പ്രവർത്തനം ആരംഭിക്കുക.
വരാനിരിക്കുന്ന കേരള ഇവി ഇൻഡസ്ട്രിയൽ പാർക്കിന്റെ പ്രധാന തൊഴിൽസേനയെ തയ്യാറാക്കുന്നത് ഈ അക്കാദമിയായിരിക്കും. ഫാബ്‌ലെസ് സെമികണ്ടക്ടർ ഡിസൈൻ, ഇവി ഡ്രൈവ് ട്രെയിൻ എൻജിനിയറിങ് തുടങ്ങിയ മേഖലകളിലെ നൈപുണ്യക്കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം.
അഡ്വാൻസ്ഡ് ഇൻസ്ട്രുമെന്റേഷൻ സൗകര്യങ്ങളോടുകൂടിയ ലാബുകളിലൂടെ പവർട്രെയിൻ എൻജിനിയറിങ്, മോട്ടോർ -ഇൻവെർട്ടർ വാലിഡേഷൻ, ഡിജിറ്റൽ ട്വിൻ നിർമാണം എന്നിവയിൽ പരിശീലനം നൽകും. എഐ ആക്സിലറേറ്ററുകളെക്കുറിച്ചുള്ള ഗവേഷണങ്ങളും ഇതിന്റെ ഭാഗമാകും. എൻജിനിയറിങ് കോളേജുകളിലെയും പോളിടെക്നിക്കുകളിലെയും അധ്യാപകർക്ക് പുതിയ സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുന്ന പരിപാടികളും നടത്തും.
വർഷംതോറും ഇരുനൂറിലധികം പ്രൊഫഷണലുകൾക്ക് പരിശീലനം നൽകി ഇവി ഇൻഡസ്ട്രിയൽ പാർക്കുകളിലും മുൻനിര കമ്പനികളിലും തൊഴിൽ ലഭ്യമാക്കാൻ അക്കാദമി ഉദ്ദേശിക്കുന്നുണ്ട്. കെ -ഡിസ്‌ക് പദ്ധതിയുടെ സംസ്ഥാന ഏകോപനം നിർവഹിക്കും.










0 comments