ad
Deshabhimani

കേരള ട്രാവൽ മാർട്ട് സെപ്തംബർ 24ന് കൊച്ചിയിൽ; സംസ്ഥാന ടൂറിസത്തിൽ വലിയ മാറ്റങ്ങൾക്ക് സഹായകരമാകും: മുഹമ്മദ് റിയാസ്

riyas.j

കേരള ട്രാവല്‍ മാര്‍ട്ട് -2026 മായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് സംസാരിക്കുന്നു. ടൂറിസം സെക്രട്ടറി കെ ബിജു, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ്, കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ്, കെടിഎം സെക്രട്ടറി എസ് സ്വാമിനാഥന്‍, ജോയിന്റ് സെക്രട്ടറി ജോബിന്‍ ജോസഫ്, വൈസ് പ്രസിഡന്റ് സി ഹരികുമാര്‍, ട്രഷറര്‍ ജിബ്രാന്‍ ആസിഫ്, മുന്‍ കെടിഎം പ്രസിഡന്റ് ഇ എം നജീബ് എന്നിവര്‍ സമീപം.

വെബ് ഡെസ്ക്

Published on Jan 21, 2026, 05:14 PM | 3 min read

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ മാർട്ടായ കേരള ട്രാവൽ മാർട്ടിന് (കെടിഎം) സെപ്റ്റംബർ 24 ന് കൊച്ചിയിൽ തുടക്കമാകും. കെടിഎമ്മിൻറെ 13-ാം പതിപ്പാണിത്. സമ്മേളനത്തിൻറെ ഉദ്ഘാടനം കൊച്ചിയിലെ ഗ്രാൻറ് ഹയാത്ത് കൺവെൻഷൻ സെൻററിൽ നടക്കും. വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെൻററിൽ സെപ്റ്റംബർ 25 മുതൽ 27 വരെയാണ് മാർട്ടിൻറെ ഭാഗമായ ബിസിനസ് മീറ്റ് നടക്കുകയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വാണിജ്യ കൂടിക്കാഴ്ചകൾ, നയകർത്താക്കളുടെ യോഗങ്ങൾ, ദേശീയ-അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാർട്ടിലുണ്ടാകും. ഇക്കുറി സെപ്തംബർ 28 മുതൽ ഒക്ടോബർ മൂന്നുവരെയാണ് പോസ്റ്റ് മാർട്ട് ടൂറുകൾ സംഘടിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ട് വിവിധ മേഖലകളിലായാണ് ഇത്തവണ ടൂർ സംഘടിപ്പിക്കുന്നത്. ക്ഷണിക്കപ്പെട്ട വിദേശ ആഭ്യന്തര മാധ്യമപ്രവർത്തകർക്കായുള്ള ടൂർ പരിപാടി മാർട്ടിന് മുമ്പായാണ് നടത്തുന്നത്.


കേരളത്തിൻറെ ടൂറിസം മേഖലയിൽ നവീനമായ മാറ്റങ്ങൾ കൊണ്ടുവരാൻ കേരള ട്രാവൽ മാർട്ടിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ബയേഴ്സിനും സെല്ലേഴ്സിനും കേരളത്തിൻറെ ടൂറിസം സാധ്യതകളെ കുറിച്ച് മനസ്സിലാക്കാനുള്ള മികച്ച അവസരമാണ് കെടിഎം. ടൂർ ഓപ്പറേറ്റർമാർക്കും ടൂർ ഏജൻറുമാർക്കും ടൂറിസം മേഖലയിൽ വലിയ പങ്കാണുള്ളത്.


400-ലധികം അന്താരാഷ്ട്ര ബയർമാർ, 1500-ലധികം ആഭ്യന്തര ബയർമാർ, മൈസ്, വെഡ്ഡിംഗ് പ്ലാനർമാർ തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും. 400-ലധികം സെല്ലർ സ്റ്റാളുകൾ ഉണ്ടാകും. മൂന്ന് ദിവസങ്ങളിലായി 60,000-ത്തിലധികം മുൻകൂട്ടി നിശ്ചയിച്ച ബിടുബി കൂടിക്കാഴ്ചകൾക്ക് സൗകര്യമൊരുക്കും. ലെയ്ഷർ ടൂറിസം മേഖലയിലെ ശക്തമായ സാന്നിധ്യമാകുക, കേരളത്തിൻറെ സവിശേഷ സേവനങ്ങളായ വെൽനസ് ടൂറിസം, ആയുർവേദം, അനുഭവവേദ്യ കമ്മ്യൂണിറ്റി ടൂറിസം, സുസ്ഥിര-പുനരുജ്ജീവന ടൂറിസം എന്നിവ അവതരിപ്പിക്കുക, അന്താരാഷ്ട്ര, ആഭ്യന്തര ടൂറിസം വിപണികളിൽ കേരളത്തെ മുൻനിര മൈസ്, വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി ഉയർത്തുക എന്നിവ കെടിഎം-2026 ലക്ഷ്യമിടുന്നു- മന്ത്രി പറഞ്ഞു.


കെടിഎം 2026ൻറെ പ്രൊമോഷൻ വീഡിയോ മന്ത്രി പ്രകാശനം ചെയ്തു. കെടിഎമ്മിൻറെ നവീകരിച്ച വെബ്സൈറ്റ് ടൂറിസം സെക്രട്ടറി കെ ബിജു പുറത്തിറക്കി. ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ് സംബന്ധിച്ചു. രജിസ്ട്രേഷൻ, ബിടുബി കൂടിക്കാഴ്ചകൾ, സെമിനാറുകൾ, തുടങ്ങി മാർട്ടിലെ എല്ലാ നടപടിക്രമങ്ങളും പൂർണമായും ഡിജിറ്റലാക്കുമെന്ന് കെടിഎം പ്രസിഡൻറ് ജോസ് പ്രദീപ് പറഞ്ഞു. ഇതിനായി പുതിയ സോഫ്റ്റ് വെയറും മൊബൈൽ ആപ്പുമായിരിക്കും ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കെടിഎം സെക്രട്ടറി എസ് സ്വാമിനാഥൻ, ജോയിൻറ് സെക്രട്ടറി ജോബിൻ ജോസഫ്, വൈസ് പ്രസിഡൻറ് ഹരികുമാർ സി, ട്രഷറർ ജിബ്രാൻ ആസിഫ്, മുൻ കെടിഎം പ്രസിഡൻറ് ഇ എം നജീബ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പുതിയ മാർക്കറ്റുകളിൽ നിന്നും വിദേശ ബയർമാരെ കൂടുതലായി കൊണ്ടുവരുന്നതിനും കേരളത്തിൻറെ നിലവിലുള്ള മാർക്കറ്റുകളിൽ നിന്നും പുതിയ ബയർമാരെ കണ്ടെത്തി മാർട്ടിൽ പങ്കെടുപ്പിക്കുന്നതിനും കെടിഎം -2026 ൽ ഊർജിത ശ്രമം നടത്തും.


കേരള ട്രാവൽ മാർട്ടിൻറെ 12-ാമത് പതിപ്പ് (കെടിഎം 2024) ബയർമാരുടെ പങ്കാളിത്തത്തിലും കൂടിക്കാഴ്ചകളുടെ എണ്ണത്തിലും വൻ വിജയമായിരുന്നു. പുതിയ ടൂറിസം ഉത്പന്നങ്ങൾ മുന്നോട്ടു വയ്ക്കുന്നതിൻറെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് കെടിഎം കഴിഞ്ഞ ഓഗസ്റ്റിൽ നടത്തിയ വെഡ്ഡിംഗ് ആൻഡ് മൈസ് ടൂറിസം ഉച്ചകോടിയും വൻ വിജയമായിരുന്നു. മൈസ് വെഡ്ഡിംഗ് ടൂറിസം പ്രൊമോഷൻ ബ്യൂറോ, ഈ മേഖലയ്ക്കായി പ്രത്യേക നയം തുടങ്ങിയ പ്രഖ്യാപനങ്ങളുമായാണ് ഇത് സമാപിച്ചത്.


രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ബിസിനസ്-ടു-ബിസിനസ് (ബിടുബി) വ്യാപാര മേളയായ കേരള ട്രാവൽ മാർട്ട് (കെടിഎം), രാജ്യത്തിനകത്തു നിന്നും വിദേശത്തുനിന്നുമുള്ള ടൂർ ഓപ്പറേറ്റർമാരെ (ബയർമാർ) കേരളത്തിലെ ടൂറിസം മേഖലയിലെ വിവിധ പങ്കാളികളുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ, ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ, മൈസ് പ്ലാനർമാർ, വെൽനസ് സേവനദാതാക്കൾ, എക്സ്പീരിയൻഷ്യൽ-കമ്മ്യൂണിറ്റി ടൂറിസം പങ്കാളികൾ എന്നീ മേഖലകളിലാണ് ആശയവിനിമയം നടത്തുന്നത്.


2000-ത്തിൽ രൂപം കൊണ്ട കേരള ട്രാവൽ മാർട്ട് സൊസൈറ്റി ഇതുവരെ 12 ട്രാവൽ മാർട്ടുകളും രണ്ടു വെർച്വൽ കെടിഎമ്മുകളും സംസ്ഥാനത്തെ ആദ്യ വെഡ്ഡിംഗ് ആൻഡ് എംഐസിഇ കോൺക്ലേവും വിജയകരമായി നടത്തി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം സംഗമമായ കേരള ട്രാവൽ മാർട്ട് ഇന്ന് സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിൽ അവിഭാജ്യ ഘടകമാണ്. ലോകമെമ്പാടുമുള്ള ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻറുമാർ, ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകൾ, മാധ്യമപ്രവർത്തകർ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ടൂറിസം സമൂഹത്തിൻറെ പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തുന്നതിൽ കെടിഎം പ്രധാന പങ്ക് വഹിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home