ad
Deshabhimani

വനിതാ സംരംഭകർക്ക് കൈത്താങ്ങ്; ടൂറിസം മേഖലയിൽ വായ്പയ്ക്ക് 4 ശതമാനം പലിശയിളവ്

TOURISM WOMEN ENTERPRENUERSHIP

എഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Mar 13, 2026, 05:27 PM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം മേഖലയിൽ കൂടുതൽ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ചരിത്രപരമായ ചുവടുവെപ്പുമായി സർക്കാർ. വനിതകൾക്ക് വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നാല് ശതമാനം പലിശ ഇളവ് അനുവദിച്ചു. സംസ്ഥാന വനിതാ വികസന കോർപ്പറേഷനുമായി സഹകരിച്ച് ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയാണ് (KRTM) പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ടൂറിസം മേഖലയിൽ ഇതാദ്യമായാണ് വനിതാ സംരംഭകർക്കായി പ്രത്യേക പദ്ധതി നടപ്പാകുന്നത്.


പരമാവധി 15 ലക്ഷം രൂപ വരെ ആനുകൂല്യം


ഉത്തരവാദിത്ത ടൂറിസം മിഷനിൽ രജിസ്റ്റർ ചെയ്തവർക്കും പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്കും വായ്പയ്ക്ക് അർഹതയുണ്ട്. എത്ര തുക വായ്പ എടുത്താലും പരമാവധി 15 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് നാല് ശതമാനം പലിശ സബ്‌സിഡി ലഭ്യമാകുക. പട്ടികജാതി-പട്ടികവർഗക്കാർ, ന്യൂനപക്ഷങ്ങൾ, ജനറൽ വിഭാഗം തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള വനിതകൾക്കും ഈ ആനുകൂല്യം ലഭിക്കും.


മാതൃകയായി കേരളം: മന്ത്രി പി എ മുഹമ്മദ് റിയാസ്


അതിവേഗം വളരുന്ന ടൂറിസം മേഖലയിലേക്ക് കൂടുതൽ വനിതകളെ ആകർഷിക്കാൻ ഈ പദ്ധതി വലിയ പ്രചോദനമാകുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള സംരംഭകരെ പരസ്പരം ബന്ധിപ്പിക്കാനും പുതിയ സംരംഭകരെ കണ്ടെത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കെആർടിഎംഎസ് സിഇഒ കെ രൂപേഷ് കുമാർ വ്യക്തമാക്കി.


പദ്ധതി വിശദാംശങ്ങൾ


പദ്ധതിയുടെ പേര്: ഇൻ്ററസ്റ്റ് സബ് വെൻഷൻ പ്രോജക്ട് 2025-26.


ബജറ്റ് വിഹിതം: പദ്ധതിക്കായി 4 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന് ബജറ്റിൽ അനുവദിച്ച തുകയുടെ 50 ശതമാനവും സ്ത്രീശാക്തീകരണത്തിനായാണ് നീക്കിവച്ചിരിക്കുന്നത്.


അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ള വനിതകൾ വിശദമായ പദ്ധതി രേഖ (Project Report) സഹിതം ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയിൽ അപേക്ഷിക്കണം. മിഷൻ ശുപാർശ ചെയ്യുന്ന അപേക്ഷകൾ വനിതാ വികസന കോർപ്പറേഷന്റെ നിബന്ധനകൾക്ക് വിധേയമായി പരിഗണിക്കും.


അപേക്ഷയ്ക്കും വിശദാംശങ്ങള്‍ക്കും: https://www.keralatourism.org/responsible-tourism/uploads/tenders/interest-subvention-scheme-20260312135426628705.pdf.


നിലവിൽ കെആർടിഎംഎസിന് കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റുകളിൽ 70 ശതമാനവും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതാണ്. ഇവയുടെ പ്രചാരണവും വിപുലീകരണവുമാണ് സർക്കാർ ഈ വായ്പാ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home