print edition കേരളം കാണാൻ കൊതിച്ച് സഞ്ചാരികൾ ; എണ്ണത്തിൽ റെക്കോഡ് വർധന

കോഴിക്കോട്
കേരളം കാണാനെത്തുന്ന വിദേശ സഞ്ചാരികളുടെയും ആഭ്യന്തര സഞ്ചാരികളുടെയും എണ്ണത്തിൽ റെക്കോഡ് വർധന. 2025ലെ കണക്കുപ്രകാരം 2,58,80,365 സഞ്ചാരികളാണ് കേരളം കാണാനെത്തിയത്. 2024 ലേതിനേക്കാൾ 28,95,002 സഞ്ചാരികൾ അധികം. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണ് റെക്കോഡ് മുന്നേറ്റം. 2025ൽ 2,50,58,366 ആഭ്യന്തര സഞ്ചാരികളാണ് എത്തിയത്. 12.46 ശതമാനത്തിന്റെ വർധന.
ഇടുക്കി ജില്ലയാണ് ആഭ്യന്തര സഞ്ചാരികളുടെ വരവിൽ മുന്നിൽ.- 46,79,800 പേർ ഇടുക്കി കാണാനെത്തി. എറണാകുളം (44,29,899), തിരുവനന്തപുരം (43,75,846 ), തൃശൂർ (31,24,696), വയനാട് (14,73,710 ), കോഴിക്കോട് (14,69,253 ) എന്നീ ജില്ലകളാണ് തൊട്ടുപിന്നിൽ. കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടകം, മഹാരാഷ്ട്ര, ആന്ധ്ര, ഗുജറാത്ത്, തെലങ്കാന, ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതൽ സഞ്ചാരികൾ എത്തിയത്.
വിദേശസഞ്ചാരികളുടെ എണ്ണത്തിന്റെ കാര്യത്തിൽ കോവിഡിന് മുന്പത്തെ സാഹചര്യത്തിലേക്ക് എത്തുന്നതേയുള്ളു. ലോകത്ത് പല ഇടങ്ങളിലായി നിലനിൽക്കുന്ന യുദ്ധസമാന സാഹചര്യങ്ങൾ ഇതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. 2025ൽ 8,2,1999 വിദേശ സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. മുൻവർഷത്തേക്കാൾ 11 . 3 ശതമാനം വർധന. ബ്രിട്ടൻ, അമേരിക്ക, ജർമനി, ഫ്രാൻസ്, കനഡ, ഓസ്‌ട്രേലിയ, മലേഷ്യ, സൗദി, ഒമാൻ, മാലിദ്വീപ് എന്നീ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളാണ് കൂടുതൽ. വിദേശ സഞ്ചാരികൾ എത്തുന്നതിൽ എറണാകുളമാണ് മുന്നിൽ.
നേട്ടം ആസൂത്രിത പ്രവർത്തനങ്ങളുടെ ഭാഗം: മന്ത്രി
അഞ്ച് വർഷത്തിനിടെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കേരളം തുടർച്ചയായി റെക്കോഡ് ഭേദിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള ടൂറിസം നടത്തിയ ആസൂത്രിത പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നേട്ടം സാധ്യമാക്കാനായത്. റസ്റ്റ് ഹൗസുകൾ നവീകരിച്ചതോടെ വലിയ മാറ്റമുണ്ടായി. താമസത്തിനെത്തുന്നതിൽ വലിയ ശതമാനവും സഞ്ചാരികളാണ്. വടക്കൻ കേരളത്തിലാണ് വലിയ മുന്നേറ്റമുണ്ടായത്. കാസർകോട് അടക്കമുള്ള ജില്ലകളിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ താമസ സൗകര്യം വർധിച്ചു. മികച്ച റോഡുകൾ ഒരുക്കി. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പിന്നാക്കം നിന്നിരുന്ന വയനാട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഇതോടെയാണ് കുതിപ്പുണ്ടായത്.









0 comments