ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇന്നും അന്തരീക്ഷ താപനില കൂടുതലായിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. വെള്ളിയാഴ്ച ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് പുനലൂരും പാലക്കാടുമാണ്.
സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. കാലവർഷം ദുർബലമായതും അന്തരീക്ഷത്തിലെ മാറ്റങ്ങളുമാണ് കടുത്ത ചൂടിന് പ്രധാന കാരണം. പകൽ സമയങ്ങളിൽ സൂര്യന്റെ ചൂട് നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും, പ്രത്യേകിച്ച് രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെയുള്ള സമയത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ചൂട് മൂലം സൂര്യാതപവും നിർജലീകരണവും പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ ശുദ്ധജലം കുടിക്കുന്നത് ശീലമാക്കുക. അതേസമയം, കാപ്പി, ചായ, മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുന്നത് നിർജലീകരണം തടയാൻ സഹായിക്കും. ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ വിശ്രമിക്കുകയും ആവശ്യമായ വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്.









0 comments