കാലിഫോർണിയ ഇരട്ടക്കൊലപാതകം: ദൃശ്യങ്ങൾ ആരോ ഡിലീറ്റ് ചെയ്തു, അനിലയ്ക്കെതിരെ കൂടുതൽ തെളിവുകൾ

കൊല്ലപ്പെട്ട അഞ്ജന, ആൻ (ഇടത്), കസ്റ്റഡിയിലായ അനില (വലത്)
കോട്ടയം: യുഎസിലെ കാലിഫോർണിയയിൽ നടന്ന ഇരട്ടക്കൊലപാതക കേസിൽ കൂടുതൽ തെളിവുകൾ. അറസ്റ്റിലായ കോട്ടയം മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം സ്വദേശിനി അനില ബേബിക്കെതിരെ (32) പൊലീസ് കോടതിയിൽ കൂടുതൽ മെഡിക്കൽ റിപ്പോർട്ടുകളും തെളിവുകളും ഹാജരാക്കിയതായി റിപ്പോർട്ട്.
കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യുവിന്റെ (40) കാണാതായ മൊബൈൽ ഫോൺ അനിലയുടെ കാറിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. കൂടാതെ ഡിഎൻഎ, രക്ത പരിശോധനാ ഫലങ്ങൾ, സാഹചര്യത്തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കൊലപാതകങ്ങളിൽ അനിലയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
തിരുവനന്തപുരം സ്വദേശിനി ആൻ മേരി മാത്യു (40), തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ആഗസ്ത് 28ന് ഭർത്താവാണ് ആൻ മേരിയെ മുറിയിൽ കുത്തേറ്റു മരിച്ചനിലയിൽ ആദ്യം കണ്ടത്. അന്നു രാവിലെ 10.37നും 11.35നും ഇടയിൽ ഇവരുടെ വീടിന്റെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ ആരോ ഡിലീറ്റ് ചെയ്തെന്നും പൊലീസ് കണ്ടെത്തി.
കൃത്യത്തിനു ശേഷം പ്രതി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കേസിൽ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അഞ്‌ജനയെ കാറിടിച്ചും ആനിനെ കുത്തിയും അനില കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ട ആനും അഞ്ജനയും അറസ്റ്റിലായ അനിലയും മുൻപ് കാലിഫോർണിയയിലെ മിൽപീറ്റസിലുള്ള അപ്പാർട്മെന്റുകളിൽ അടുത്തടുത്ത് താമസിച്ചിരുന്നവരാണ്. അഞ്ജനയും ആനും അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഓണാഘോഷത്തിലടക്കം സജീവമായി പങ്കെടുക്കുകയും അതിന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.









0 comments