യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ സ്വെരേവ്–ഷെൽട്ടൻ പോരാട്ടം

Image Credit : Facebook/ATP
ന്യൂയോർക്ക് : യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസ് മത്സരത്തിൽ റഷ്യയുടെ കാരെൻ ഖഷനോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തി ജർമൻ താരം അലക്സാണ്ടർ സ്വെരേവ് ഫൈനലിൽ. സ്കോർ: 6-3, 7-6 (9-7), 7-6 (8-6). തുടർച്ചയായി മൂന്നാം തവണയാണ് സ്വെരേവ് ഗ്രാൻഡ്സ്ലാം ഫൈനലിലെത്തുന്നത്. മത്സരത്തിന്റെ രണ്ടാം സെറ്റിലെ ടൈബ്രേക്കറിൽ ഖഷനോവ് ശക്തമായ പോരാട്ടം കാഴ്ചവെച്ചങ്കിലും സ്വെരേവ് ശക്തമായി തിരിച്ചു വന്നു. ഈ സീസണിൽ ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലും ഫൈനലിൽ പ്രവേശിച്ച ശേഷമാണ് സ്വെരേവ് യുഎസ് ഓപ്പണിലും ഫൈനലിലെത്തുന്നത്. അമേരിക്കൻ താരമായ ബെൻ ഷെൽട്ടനാണ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്വെരേവിന്റെ എതിരാളി.
ഫ്രഞ്ച് ഓപ്പൺ കിരീടമുയർത്തിയ സ്വെരേവ് ഈ സീസണിൽ രണ്ടാമത്തെ ഗ്രാൻഡ്സ്ലാം കീരീടമാണ് ന്യൂയോർക്കിൽ ലക്ഷ്യമിടുന്നത്. വിംബിൾഡണിൽ ഫൈനലിലെത്തിയെങ്കിലും ലോക ഒന്നാം നമ്പർ താരം യാനിക് സിന്നറിനോട് പരാജയപ്പെട്ടു. 2020ൽ ഡൊമിനിക് തീമിനോട് അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിൽ പരാജയപ്പെട്ടതിന് ശേഷം സ്വെരേവ് കളിക്കുന്ന യുഎസ് ഓപ്പൺ ഫൈനലാണിത്.
യുഎസ് ഓപ്പണിലെ രണ്ടാമത്തെ സെമി ഫൈനൽ മത്സരത്തിൽ വാശിയേറി പോരാട്ടത്തിനൊടുവിൽ ഫ്രാൻസെസ് ടിയാഫോയെ വീഴ്ത്തി ബെൻ ഷെൽട്ടൺ ഫൈനലിലെത്തി. സ്കോർ 4-6, 6-3, 6-3, 7-5. ആദ്യ മാച്ച് പോയിന്റിൽ ബാക്ക്ഹാൻഡ് ഷോട്ട് നെറ്റിലിടിച്ച് ഷെൽട്ടൻ ഒരവസരം പാഴാക്കി. അടുത്ത പോയിന്റിൽ ടിയാഫോ ഡബിൾ ഫോൾട്ട് വരുത്തിയതാണ് ഷെൽട്ടന് പിന്തുണയായത്. 2003ൽ ആൻഡി റോഡിക് വിജയിച്ചതിനുശേഷം ഒരു അമേരിക്കൻ പുരുഷതാരം ഇതുവരെ ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടം നേടിയിട്ടില്ല. ഈ 23 വർഷത്തെ കാത്തിരിപ്പിന് വിരാമമിടാനും ആദ്യ ഗ്രാൻഡ്സ്ലാം കിരീടമുയർത്താനുമാണ് ഫൈനലിൽ ഷെൽട്ടൻ ലക്ഷ്യമിടുന്നത്. ഞായറാഴ്ച ആർതർ സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം.









0 comments