വേനൽ ചൂടിന് ആശ്വാസം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് അല്പം ആശ്വാസമേകി വിവിധയിടങ്ങളിൽ വേനൽമഴയെത്തി. കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് ശനിയാഴ്ച മഴ ലഭിച്ചത്. കണ്ണൂരിന്റെ മലയോര മേഖലകളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കണ്ണൂർ നഗരത്തിലും തലശേരിയിലും ഭേദപ്പെട്ട രീതിയിൽ മഴ ലഭിച്ചു.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും മഴ പെയ്തതോടെ അന്തരീക്ഷ താപനിലയിൽ കുറവുണ്ടായിട്ടുണ്ട്. കോഴിക്കോട് മലയോര, തീരദേശ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. കുറ്റ്യാടി, നാദാപുരം, വടകര മേഖലകളിലാണ് ഉച്ചയോടെ മഴ തുടങ്ങിയത്. ശക്തമായ കാറ്റും ഇടിമിന്നലുമുണ്ട്.
മഴയെത്തുടർന്ന് എവിടെയും നാശനഷ്ടങ്ങളോ മറ്റ് അത്യാഹിതങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന ജനങ്ങൾക്ക് വലിയ ആശ്വാസമായാണ് വേനൽമഴയെത്തുന്നത്.
അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കൾ മുതൽ ബുധൻ വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.











0 comments