ഗൾഫ് മേഖലയിൽ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ മാറ്റി; തീരുമാനം സംഘർഷാവസ്ഥ പരിഗണിച്ച്

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അസാധാരണമായ സാഹചര്യവും യാത്രാ തടസ്സങ്ങളും പരിഗണിച്ച് ഗൾഫ് മേഖലയിലെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ മാറ്റിവെച്ചു.
മാർച്ച് അഞ്ചിന് നടക്കേണ്ടിയിരുന്ന എസ്എസ്എൽസി പരീക്ഷയും മാർച്ച് 5, 6, 7 തീയതികളിൽ നിശ്ചയിച്ചിരുന്ന ഹയർസെക്കന്ററി പരീക്ഷകളുമാണ് മാറ്റിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
യുദ്ധസമാനമായ സാഹചര്യത്തിൽ പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളത് കണക്കിലെടുത്താണ് തീരുമാനം. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
യാത്രാ തടസ്സമോ മറ്റ് സാങ്കേതിക കാരണങ്ങളോ മൂലം പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾ സ്കൂൾ പ്രധാനാധ്യാപകർ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകണം. ഇത്തരം അപേക്ഷകൾ പരിഗണിച്ച് വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് തടസ്സമില്ലാത്ത വിധം അനുകൂലമായ സാഹചര്യം ഒരുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
അപ്രതീക്ഷിതമായ ഇത്തരം മാറ്റങ്ങളിൽ വിദ്യാർത്ഥികളോ രക്ഷിതാക്കളോ പരിഭ്രാന്തരാകേണ്ടതില്ലെന്നും സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കേരളത്തിലെ പരീക്ഷാ തീയതികളിൽ മാറ്റമുണ്ടാകില്ല.










0 comments