സ്കൂൾ കായിക മേള മാധ്യമ അവാർഡ്: ദേശാഭിമാനി സീനിയർ സബ് എഡിറ്റർ പ്രദീപ് ഗോപാൽ മികച്ച റിപ്പോർട്ടർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന 67-ാമത് സംസ്ഥാന സ്കൂൾ കായിക മേളയുടെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിന് ദേശാഭിമാനി സ്പോർട്സ് ഡെസ്കിലെ സീനിയർ സബ് എഡിറ്റർ പ്രദീപ് ഗോപാൽ അർഹനായി. 'മരണം തോറ്റു ജോവിയ വിജയിച്ചു' എന്ന വാർത്തയാണ് അവാർഡിന് അർഹനാക്കിയത്. 20,000 രൂപയും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം.
കാസർകോട് ജില്ലയിലെ ബേഡഡുക്ക ചെമ്പക്കാട് സി ഗോപാലന്റെയും എ നാരായണിയുടെയും മകനാണ്. ഭാര്യ വൈ വി ശരണ്യ. മകൾ. നയോമി. 2016 സംസ്ഥാന സ്കൂൾ കായി കമേളയിലെ മികച്ച റിപ്പോർട്ടറായിരുന്നു. 2022ലെ കെ പി ഗോപിനാഥ് പുരസ്കാരവും 2024-25ലെ കേരള മീഡിയ അക്കാദമി ഫെല്ലോ ഷിപ്പും 2022ലെ ജി വി രാജ പുരസ്കാരവും നേടിയിട്ടുണ്ട്.
ആകെ ഏഴ് മാധ്യമ പുരസ്‌കാരങ്ങളാണ് നൽകിയത്. സമഗ്ര കവറേജിനുള്ള പുരസ്കാരം മലയാള മനോരമയ്ക്കാണ്. 25,000 രൂപയും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. മാതൃഭൂമിയിലെ മുരളികൃഷ്ണനാണ് മികച്ച ഫോട്ടോഗ്രാഫർ. 20,000 രൂപയും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം.
സമഗ്ര കവറേജ് (ഏഷ്യാനെറ്റ് ന്യൂസ്), മഹേഷ് പോലൂർ (മീഡിയ വൺ) മികച്ച ടെലിവിഷൻ റിപ്പോർട്ടർ, വി വിജു (മാതൃഭൂമി ന്യൂസ്) മികച്ച ക്യാമറാമാൻ, മികച്ച ശ്രവ്യ മാധ്യമ കവറേജ് (ആകാശവാണി) തുടങ്ങിവരും അവാർഡ് നേടി. കമാൽ വരദൂർ, കെ വിശ്വനാഥൻ, ഒളിമ്പിയൻ കുഞ്ഞു മുഹമ്മദ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. ജേതാക്കൾക്ക് 31ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.









0 comments