സ്കൂൾ തുറക്കാറായി; ഒന്നിനും ഏകോപനമില്ല; അധ്യാപകർ ഓട്ടത്തിലാണ്

പുതിയ അധ്യയനവർഷത്തിന് മുന്നോടിയായി കാരാപ്പുഴ ഗവ. എച്ച്എസ്എസ് ശുചീകരിക്കുന്ന അധ്യാപകർ
കോട്ടയം: പുതിയ അധ്യയനവർഷത്തിന്റെ മണിമുഴങ്ങാൻ ഒമ്പത് ദിവസം മാത്രം ബാക്കി നിൽക്കേ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ പാടുപ്പെട്ട് അധ്യാപകർ. പുതിയ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയും ഏകോപനമില്ലായ്മയും പ്രവർത്തനങ്ങൾ താളംതെറ്റിക്കുന്നു.
സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന മുതൽ മഴക്കാലപൂർവ ശുചീകരണങ്ങളിൽ വരെ മെല്ലെപോക്ക്. ജൂൺ ഒന്നിന് പുഞ്ചിരിയോടെ വിദ്യാലയമുറ്റത്തേക്ക് ചുവടുവയ്‌ക്കേണ്ട കുട്ടികൾക്ക് സുരക്ഷിതവും സുസജ്ജവുമായ അന്തരീക്ഷം ഒരുക്കുന്നതിൽ ഉണ്ടാകുന്ന വീഴ്ച ചെറുതല്ല.
യുഡിഎഫ് ഭരിക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്തിൽനിന്നുവരെ ഫണ്ട് അനുവദിക്കുന്നതിൽ ഇതുവരെ തീരുമാനമായില്ല. ഭരണസംവിധാനത്തിന്റെ അനാസ്ഥയിലും മുന്നൊരുക്കങ്ങളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സ്‌കൂൾ അധികൃതർ.
ശുചീകരണം പാതിവഴിയിൽ
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ വലിയ വീഴ്ചയാണ് വരുത്തുന്നത്. ജില്ലയിലെ പല വിദ്യാലയങ്ങളുടെയും പരിസരം ഇനിയും വൃത്തിയാക്കാനുണ്ട്. ക്ലാസുകൾ, പാചകപ്പുര, ലാബുകൾ, ശുചിമുറികൾ, കുടിവെള്ള ടാങ്ക് വൃത്തിയാക്കൽ, അപകടഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റൽ, കാടു വെട്ടിത്തെളിക്കുക, അണുനശീകരണം തുടങ്ങിയ പ്രവർത്തനങ്ങളല്ലാം മന്ദഗതിയിലാണ്.
കോട്ടയം ഗവ. മോഡൽ എച്ച്എസ്എസിലെ ക്ലാസ് മുറികൾ ക്രമീകരിക്കുന്ന അധ്യാപികമാർ
ഫണ്ട് അനുവദിക്കാത്തതാണ് പ്രധാന കാരണം. പല സ്‌കൂളുകളിലും അധ്യാപകർ തനിയ ഫണ്ട് കണ്ടെത്തിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. വൃത്തിയാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ആളുകളെ ചുമതലപ്പെടുത്താത്തതും പ്രതിസന്ധി സൃഷ്‌ടിക്കുന്നു. മുന്നൊരുക്കങ്ങൾ സജിവമാക്കി ഡിവൈഎഫ്ഐ, എസ്എഫ്ഐ യുവജന, വിദ്യാർഥി സംഘടനകളും ശുചീകരണത്തിനായി രംഗത്തുണ്ട്.
ഫിറ്റ്നസ് പരിശോധന വൈകുന്നു
മുൻവർഷങ്ങളിൽ മെയ് പകുതിയോടെ തന്നെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധനകൾ ഭൂരിഭാഗവും പൂർത്തിയായിരുന്നു. ഭരണമാറ്റത്തിനുശേഷം കാര്യക്ഷമമായ നിർദേശങ്ങൾ താഴേത്തട്ടിലേക്ക് എത്തുന്നതിലും ക്രോഡീകരിക്കുന്നതിലും വീഴ്ച പറ്റി. ജില്ലയിൽ 910 സ്‌കൂളുകളിലാണ് ആകെ പരിശോധന നടത്തേണ്ടത്. 25നകം മുഴുവൻ സ്‌കൂളുകളിലും പൂർത്തിയാക്കാനുള്ള ലക്ഷ്യത്തിലാണ് അധികൃതർ.
അധ്യാപക പരിശീലനവും താളംതെറ്റി
താളംതെറ്റിയ അവധിക്കാല അധ്യാപക പരിശീലനത്തിന് വെള്ളിയാഴ്ച തുടക്കമാകും. സമഗ്ര ശിക്ഷാ കേരളം(എസ്എസ്‌കെ) നേതൃത്വത്തിൽ നടക്കുന്ന പരിശീലനം ഏപ്രിൽ അവസാനമാണ് സാധാരണ തുടങ്ങുക. പിഎം ശ്രീയിൽ കേരളം ഒപ്പിടാത്തതിനാൽ എസ്എസ്കെയ്ക്കുള്ള ഫണ്ട് കേന്ദ്രസർക്കാർ നിർത്തിയതും പുതിയ മന്ത്രിസഭ അധികാരമേൽക്കാതിരുന്നതും പരിശീലനം അനിശ്ചിതത്വത്തിലാക്കി. സാധാരണ അഞ്ചുദിവസം നടത്താറുള്ള പരിശീലനം ഇത്തവണ രണ്ടുദിവസം മാത്രമാണ് നടന്നത്. വേണ്ട മുന്നോരുക്കങ്ങളില്ലാതെയാണ് പരിശീലനം. എന്നാൽ, എൽഡിഎഫ് ഭരണകാലത്ത് കഴിഞ്ഞ പത്തുവർഷമായി പരിശീലനം മുടങ്ങിയിട്ടില്ല.
പുസ്‌തകം നേരത്തെ കൈകളിൽ
പരീക്ഷയായാലും പുസ്‌തകം എത്താത്ത യുഡിഎഫ് കാലത്തെ ദുരനുഭവം എൽഡിഎഫ് സർക്കാരാണ് തിരുത്തിയത്. ഇത്തവണയും അതിന് മാറ്റമില്ല. സ്‌കൂളുകളിലേക്കുള്ള പാഠപുസ്‌തക വിതരണം ജില്ലയിൽ 90 ശതമാനമാണ് പൂർത്തിയായത്. സ്‌കൂൾ തുറക്കുന്നതിന് മുന്നേ വിതരണ നടപടികൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ലക്ഷ്യം. ആകെ 13,64,333 ഒന്നാം വോളിയം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. ഇനി ഒരുലക്ഷത്തോളം പുസ്‌തകം മാത്രമാണ് ജില്ലയ്‌ക്ക് ലഭിക്കാനുള്ളത്. ബാക്കി പുസ്‌തകങ്ങൾ വരുംദിവസങ്ങളിൽ ജില്ലയിലെത്തും.










0 comments