ad
Deshabhimani

കേരള ശാസ്ത്രസാഹിത്യപരിഷത് മുൻ സംസ്ഥാന സെക്രട്ടറി വി ജി മനമോഹൻ അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

VG Madanamohan.jpg
വെബ് ഡെസ്ക്

Published on Jan 12, 2026, 06:05 PM | 2 min read

തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യപരിഷത് മുൻ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ട്രഷററും ആയിരുന്ന വി ജി മനമോഹൻ അന്തരിച്ചു. ജനകീയാസൂത്രണ പരിപാടിയുടെ മർമമായി സംസ്ഥാന ആസൂത്രണബോർഡിൽ പ്രവർത്തിച്ച അദ്ദേഹം ഡോ ടി എം തോമസ്‌ ഐസക്‌ ധനമന്ത്രിയായിരിക്കെ പ്രൈവറ്റ്‌ സെക്രട്ടറിയുമായിരുന്നു.


മൺവിളയിലെ വീട്ടിലെ അന്ത്യദർശനത്തിനു ശേഷം അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം ശരീരം വൈദ്യ വിദ്യാർഥികൾക്കു പഠിക്കാനായി നൽകും. 2006-ലെ എൽഡി‌എഫ് മന്ത്രിസഭയിൽ ഡോ. തോമസ് ഐസക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയാകുന്പോൾ മനമോഹൻ സഹകരണവകുപ്പ് അഡീഷണൽ ഡയറക്ടറുമായിരുന്നു.


സമ്പൂർണ സാക്ഷരതായജ്ഞം, ജനകീയാസൂത്രണം, പഠനകോൺഗ്രസ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ജനങ്ങളുടെ പ്രശ്‌നങ്ങളെ സ‍ൗമ്യതയോടെയാണ്‌ കൈകാര്യം ചെയ്‌തത്‌. കിഴക്കുംകര ലൈബ്രറി, കിഴക്കുംകര ഗ്രാമശാസ്ത്ര സമിതി എന്നിവിടങ്ങളിൽ നിന്നായിരുന്നു മനമോഹന്റെ പൊതുപ്രവർത്തനത്തിന്റെ തുടക്കം.


പിന്നീട് പരിഷത്തായി പ്രധാന തട്ടകം. എം പി പരമേശ്വരനായിരുന്നു പ്രധാന ഊർജ സ്രോതസ്സ് പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി, ട്രഷറർ, തിരുവനന്തപുരം ജില്ല സെക്രട്ടറി ഒക്കെയായിരുന്നു മനമോഹൻ. പിന്നീട് ജനകീയാസൂത്രണം വന്നതോടെ ഡോ തോമസ് ഐസക്കിന്റെ പ്രധാന സഹപ്രവർത്തകനായി മൻമോഹൻ മാറി.


ജനകീയാസൂത്രണത്തിന്റെ തുടക്കമായി ആദ്യത്തെ ട്രാൻസെക്റ്റ് വാക്കും മറ്റ് പരീക്ഷണങ്ങളും നടത്തിയതും മനമോഹന്റെ സ്വന്തം സ്ഥലമായ ആറ്റിപ്ര പഞ്ചായത്തിലാണ്. 1986-ൽ പരിഷത്ത് നടത്തിയ ഹാലി ധൂമ ഹേതുവിന്റെ വരവോടെയുള്ള സയൻസ് ഒളിമ്പ്യാഡ്, 1987-ലെ പരിഷത്തിന്റെ പ്രസിദ്ധമായ ജനകീയാരോഗ്യ സർവേ, പരിഷത്ത് 1987-ലെ ഭോപ്പാലിലേക്കു നടത്തിയ സയൻസ് ട്രയിൻ, സാക്ഷരത പ്രസ്ഥാനം എന്നിവയിലെല്ലാം പ്രധാന ആസൂത്രക്കാരിൽ ഒരാളായിരുന്നു മനമോഹൻ.


അച്ഛന്റെ അകാല വേർപാടിനെ തുടർന്ന് വളരെ ചെറുപ്പത്തിൽ വലിയൊരു കുടുംബത്തിന്റെ പൂർണ ചുമതല മനമോഹന്‌ ഏറ്റെടുക്കേണ്ടി വന്നു. വിവാഹജീവിതം ഒരുവർഷത്തിൽ താഴെ മാത്രമാണ് ഉണ്ടായത്. പങ്കാളിയെ ക്യാൻസർ കവർന്നു.


സജീവമായ സാമൂഹിക പ്രവർത്തനം കൊണ്ടാണ് മനമോഹൻ ഈ ദുഖത്തെ മറികടന്നത്. അതിനൊപ്പം ശാരീരികമായ ധാരാളം അസുഖങ്ങളുമുണ്ടായി. എന്നാൽ എപ്പോഴും പ്രസന്നമായാണ് മൻമോഹൻ ജീവിതത്തോട് പ്രതികരിക്കുക. അദ്ദേത്തിന്റെ അടുത്ത സുഹൃത്തുക്കൾ സ്‌മരിക്കുന്നു.


മുഖ്യമന്ത്രി അനുശോചിച്ചു


കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ട്രഷററും സഹകരണ ഓഡിറ്റ് വകുപ്പ് അഡീഷണൽ ഡയറക്ടറുമായിരുന്ന വി ജി മനമോഹന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.


ജനകീയാസൂത്രണം അടക്കമുള്ള പ്രവർത്തനങ്ങളിൽ സജീവപങ്കാളിയായിരുന്നു. പത്തുവർഷത്തോളം ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും ശ്രദ്ധേയനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home