റംസാൻ, വിഷു, ഈസ്റ്റർ ആഘോഷങ്ങൾ
കേരളത്തിന് അധിക എൽപിജി സിലിണ്ടർ അനുവദിക്കണം; മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: റംസാൻ, വിഷു, ഈസ്റ്റർ ആഘോഷങ്ങൾ കണക്കിലെടുത്ത് കേരളത്തിന് അധിക എൽപിജി ലഭ്യത ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. റംസാൻ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായുള്ള സെഹ്‌രി, ഇഫ്താർ ഒരുക്കങ്ങൾക്കും വരാനിരിക്കുന്ന വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്കും പാചകവാതകം സാധാരണയേക്കാൾ കൂടുതൽ ആവശ്യമാണ്. കേരളത്തിലെ 95 ശതമാനത്തിലധികം വീടുകളും പാചകത്തിനായി പൂർണ്ണമായും എൽപിജിയെയാണ് ആശ്രയിക്കുന്നത്.
ഏകദേശം 25 ലക്ഷം മുസ്ലീം കുടുംബങ്ങൾ ഉൾപ്പെടെ വലിയൊരു വിഭാഗം ജനങ്ങൾ ഇതിന്റെ ഗുണഭോക്താക്കളാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം എൽപിജി ഇറക്കുമതിയിലും ടാങ്കർ നീക്കത്തിലും പ്രതിസന്ധിയുണ്ട്. ഇത് റീഫിൽ ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാക്കുന്നു. പ്രത്യേക സാഹചര്യം പരിഗണിച്ച് അടുത്ത രണ്ട് മാസത്തേക്ക് അധിക സിലിണ്ടർ അനുവദിക്കാൻ പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികൾക്ക് (IOC, BPCL, HPCL) നിർദ്ദേശം നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. .
സംസ്ഥാന സർക്കാർ പ്രാദേശികമായി വിതരണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും, നിലവിലെ പരിമിതികൾ മറികടക്കാൻ കേന്ദ്ര സർക്കാരിന്റെ പ്രത്യേക പിന്തുണ അനിവാര്യമാണ്. ആഘോഷവേളകളിൽ പാചകവാതക ക്ഷാമം മൂലം കുടുംബങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഈ നടപടി സഹായിക്കും. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന (ഉദാഹരണത്തിന് ഉജ്ജ്വല യോജന ഗുണഭോക്താക്കൾ) കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമാകുമെന്നും മുഖ്യമന്ത്രി കത്തിൽ അറിയിച്ചു.









0 comments