സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു; ആധാർ സെർവർ തകരാറിൽ, പഞ്ചിംഗും മുടങ്ങി

തിരുവനന്തപുരം: രാജ്യവ്യാപകമായി ആധാർ സെർവർ പണിമുടക്കിയതോടെ കേരളത്തിൽ റേഷൻ വിതരണവും സർക്കാർ ഓഫീസുകളിലെ പഞ്ചിംഗും പൂർണ്ണമായും സ്തംഭിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ സെർവറിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടത്.
ഇതോടെ ആധാർ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന എല്ലാ സേവനങ്ങളും നിലച്ചു. സംസ്ഥാനത്തെ റേഷൻ കടകളിൽ ഇ-പോസ് യന്ത്രങ്ങൾ പ്രവർത്തിക്കാത്തതിനാൽ കാർഡ് ഉടമകൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകാൻ കഴിയാത്ത സ്ഥിതിയാണ്. രാവിലെ മുതൽ റേഷൻ വാങ്ങാനെത്തിയ നൂറുകണക്കിന് ആളുകൾ നിരാശരായി മടങ്ങി.
പ്രതിസന്ധി നീണ്ടതോടെ പലയിടങ്ങളിലും വ്യാപാരികൾ കടകൾ അടച്ചിട്ടു. സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്ന ആധാർ അധിഷ്ഠിത പഞ്ചിംഗ് സംവിധാനവും തകരാറിലായി. അക്ഷയ കേന്ദ്രങ്ങൾ വഴി നൽകുന്ന വിവിധ ഓൺലൈൻ സേവനങ്ങളും ആധാർ പുതുക്കൽ പ്രക്രിയകളും പൂർണ്ണമായും നിലച്ചിരിക്കുകയാണ്.
ബാങ്കിംഗ് ഇടപാടുകളെയും ഇൻഷുറൻസ് സംബന്ധമായ ആധാർ വെരിഫിക്കേഷനുകളെയും ഈ സാങ്കേതിക തകരാർ ബാധിച്ചിട്ടുണ്ട്. സെർവർ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ യുഐഡിഎഐ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.











0 comments