print edition കേന്ദ്ര താക്കീതിന് വഴങ്ങി റേഷൻ റദ്ദാക്കൽ; 59,639 ഗുണഭോക്താക്കൾ ഇപ്പോഴും പുറത്ത്

ആരതി ബി എസ്
Published on Nov 01, 2026, 01:30 AM | 1 min read
തിരുവനന്തപുരം : റേഷൻ കാർഡ് കൂട്ടത്തോടെ റദ്ദാക്കുന്ന നടപടിയുമായി സർക്കാർ നീങ്ങുമ്പോൾ പുറത്താക്കലിന്റെ വക്കിൽ 59,639 മുൻഗണനാ ഗുണഭോക്താക്കൾ. റേഷൻ വാങ്ങി കാർഡ് പുനഃസ്ഥാപിക്കാനുള്ള സമയം നവംബർ 31ന് അവസാനിപ്പിച്ച് റദ്ദാക്കിയ കാർഡുകളുടെ എണ്ണം നൽകണമെന്നാണ് കേന്ദ്രത്തിന്റെ താക്കീത്.
പരിശോധന രണ്ടുമാസം പിന്നിടുമ്പോഴും തുടർച്ചയായി റേഷൻ വാങ്ങാത്ത 44,287 മുൻഗണന കാർഡുകളിൽ 2539 എണ്ണം മാത്രമാണ് പുനഃസ്ഥാപിച്ചത്. അതിദാരിദ്ര്യ വിഭാഗങ്ങൾക്കുള്ള മഞ്ഞക്കാർഡിൽ (എഎവൈ) 5579 കാർഡുടമകളാണ് തുടർച്ചയായി റേഷൻ വാങ്ങാതെയുണ്ടായിരുന്നത്. ഒക്ടോബറിൽ 57 കാർഡുടമകൾ റേഷൻ വാങ്ങി കാർഡ് പുനഃസ്ഥാപിച്ചു. ഇതിലുൾപ്പെടുന്നത് 134 ഗുണഭോക്താക്കളും. ബാക്കി 5522 കാർഡിലായി 6459 ഗുണഭോക്താക്കൾ പുറത്താകലിന്റെ വക്കിലാണ്.
38,708 പിങ്ക് കാർഡുകളിൽ പുനഃസ്ഥാപിച്ചവ 2482 ആണ്. 36,226 കാർഡിലായി 53,180 ഗുണഭോക്താക്കൾ പ്രതിസന്ധി അഭിമുഖീകരിക്കുന്നു. നീല, വെള്ള കാർഡുകളിലായി 5,62,494 മുൻഗണനേതര കാർഡുകാരും സമാന പ്രശ്നം നേരിടുന്നു. കാലാവധി അവസാനിക്കാൻ ഒരുമാസം മാത്രം ശേഷിക്കെ പട്ടികയിലുള്ള മുഴുവൻപേർക്കും കാർഡ് പുന:സ്ഥാപിക്കാൻ കഴിയില്ലെന്നത് ഉറപ്പാണ്.
കേന്ദ്ര നിർദേശം അതേപടി നടപ്പാക്കുമ്പോൾ പുറത്താക്കപ്പെടുന്നവരെ പരിഗണിക്കാൻ ബദൽ മാർഗവുമില്ല. കാർഡ് റദ്ദാക്കപ്പെട്ടാൽ റേഷൻ വിഹിതത്തിനൊപ്പം സൗജന്യ മരുന്നുകൾ, ഭവന പദ്ധതി, മറ്റ് സബ്സിഡികൾ, ചികിത്സാ സഹായം എന്നിവയും നഷ്ടപ്പെടും. ഒഴിവാക്കപ്പെടുന്നവരെ ടൈഡ് ഓവർ, നോൺ-പ്രയോറിറ്റി വിഭാഗത്തിലേക്ക് മാറ്റാൻ സാധ്യത ആരാഞ്ഞ് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചതിലും അനുകൂല തീരുമാനം ഉറപ്പാക്കാനായിട്ടില്ല.









0 comments