സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട രണ്ട് ന്യൂനമർദങ്ങളാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. മധ്യ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സ്ഥിതിചെയ്യുന്ന ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.
നാളെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ശക്തമായ മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തിൽ മലയോര, തീരദേശ മേഖലകളിൽ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കും കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.









0 comments