സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം കടുക്കുന്നു; കോഴിക്കോട് രണ്ട് പേരെ പിരിച്ചുവിട്ടു; പുതിയ നഴ്‌സുമാരെ പൂട്ടിയിട്ടതായും പരാതി

കോഴിക്കോട്: മിനിമം വേതനം 40,000 രൂപയായി ഉയർത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തുന്ന പണിമുടക്ക് ശക്തമാകുന്നു. ഇതിനിടെ സമരത്തെ അടിച്ചമർത്താൻ മാനേജ്‌മെന്റുകൾ പ്രതികാര നടപടികൾ ആരംഭിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച രണ്ട് സൂപ്പർവൈസിംഗ് നഴ്‌സുമാരെ മാനേജ്‌മെന്റ് പിരിച്ചുവിട്ടു.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് നഴ്‌സുമാർ പ്രതിഷേധിക്കുന്നത്. സമരം അട്ടിമറിക്കാനായി ട്രെയിനിംഗിനെത്തിയ പുതിയ നഴ്‌സുമാരെ ആശുപത്രിയിലെ ഹാളിൽ പൂട്ടിയിട്ടതായും ആരോപണമുയർന്നു. ഇൻഡക്ഷൻ ക്ലാസിനെന്ന് പറഞ്ഞാണ് ഇവരെ വിളിച്ചുവരുത്തിയത്.
എന്നാൽ സമരം ചെയ്യുന്നവർക്ക് പകരമായി ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള നീക്കമാണ് നടന്നതെന്ന് യുഎൻഎ നേതാക്കൾ ആരോപിച്ചു. വിവരമറിഞ്ഞ് നേതാക്കളെത്തിയതോടെയാണ് ഇവരെ മോചിപ്പിച്ചത്. ചില മാനേജ്‌മെന്റ് പ്രതിനിധികൾ യുഎൻഎ നേതാക്കളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്.
അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഗസറ്റ് വിജ്ഞാപനം ഇറക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് യുഎൻഎ വ്യക്തമാക്കി. സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ തുച്ഛമായ വർദ്ധനവ് മാത്രമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് നഴ്‌സുമാർ സമ്പൂർണ്ണ പണിമുടക്കിലേക്ക് നീങ്ങിയത്.
പലയിടങ്ങളിലും അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും വാർഡ് ഡ്യൂട്ടികളിൽ നിന്ന് നഴ്‌സുമാർ വിട്ടുനിൽക്കുകയാണ്. ശമ്പളം വർദ്ധിപ്പിക്കാൻ തയ്യാറായ ഏതാനും ആശുപത്രികളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ വൻകിട ആശുപത്രികൾ ഇപ്പോഴും നഴ്‌സുമാരുടെ ആവശ്യത്തോട് പുറംതിരിഞ്ഞു നിൽക്കുകയാണ്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം. ഇതിന്റെ ഭാഗമായി തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലോംഗ് മാർച്ചും സംഘടിപ്പിക്കുന്നുണ്ട്.










0 comments