print edition വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമില്ല; ഓണത്തിനും ഇരുട്ടടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണാഘോഷങ്ങളും ഇരുട്ടിലാകുമെന്ന് ആശങ്ക. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ആസൂത്രിത നടപടികളൊന്നും സ്വീകരിക്കാത്തതാണ് സാഹചര്യം സൃഷ്ടിക്കുന്നത്. വിപണിയിൽ വൈദ്യുതി ലഭ്യമാണെങ്കിലും ഉയർന്ന വില നൽകേണ്ടുന്ന സ്ഥിതിയാണ്. ഉയർന്ന വിലയ്‌ക്ക് വൈൈദ്യുതി വാങ്ങി നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഫലപ്രദമായ ഇടപെടലില്ല.
മറ്റ് സംസ്ഥാനങ്ങളുമായോ കേന്ദ്രസർക്കാരുമായോ മന്ത്രിതല ചർച്ചകൾക്കും തയ്യാറാകുന്നില്ല. എൽ നിനോയെയും അമിത ഉപയോഗത്തെയും പഴിക്കുന്ന മന്ത്രി മഴപെയ്യാൻ പ്രാർഥിക്കാനാവശ്യപ്പെട്ട് പ്രതിസന്ധിയെ നിസ്സാരവൽക്കരിക്കുകയാണ്. ഡൽഹിയിലെത്തി കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം കേന്ദ്ര ഊർജ സെക്രട്ടറി പങ്കജ് അഗർവാളുമായി കൂടിക്കാഴ്ച നടത്തി എൻടിപിസി സ്റ്റേഷനുകളിൽനിന്നുള്ള 262 മെഗാവാട്ട് അധിക വൈദ്യുതി വിഹിതം തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്‌തംബർ 30ന് അ വസാനിക്കുന്ന കരാർ 2027 ജൂൺവരെ നീട്ടണമെന്നാണ് ആവശ്യം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള സാധ്യതയും തേടുന്നുണ്ട്. എന്നാൽ അനുകൂല തീരുമാനമായിട്ടില്ല. സെപ്‌തംബറിൽ വൈദ്യുതി കിട്ടാനില്ലെന്നാണ് കെഎസ്‌ഇബി അധികൃതർ പറയുന്നത്. യൂണിറ്റിന് ശരാശരി 9.16 രൂപ നിരക്കിൽ 308.43 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഡീപ് പോർട്ടലിൽനിന്ന് വാങ്ങാനുള്ള ഹ്രസ്വകാല കരാറിന് നേരത്തെ അനുമതിയായിരുന്നു. ആ കരാർ സെപ്‌തംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർവരെയാണ്.
സെപ്‌തംബറിൽ പ്രതിസന്ധി അതീവ രൂക്ഷമാകുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്‌ച 90.62 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള പുതിയ കരാറിനാണ് കെഎസ്‌ഇബി ശ്രമിച്ചെങ്കിലും പീക്ക് സമയത്ത് മാത്രമായി വൈദ്യുതി നൽകാൻ കന്പനികൾ തയ്യാറായിട്ടില്ല.
മെഴുകുതിരി കത്തിച്ച് പ്രതിഷേധം ഇന്ന്
വൈദ്യുതിക്ഷാമം പരിഹരിക്കാതെ നാടിനെ ഇരുട്ടിലേക്ക് തള്ളിവിട്ട യുഡിഎഫ് സർക്കാരിനെതിരെ സിപിഐ എം നേതൃത്വത്തിൽ ഞായറാഴ്‌ച മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. രാത്രി ഏഴിന് വീടുകളിലും ലോക്കൽ കേന്ദ്രങ്ങളിലും മെഴുകുതിരി കത്തിക്കും. കഴിഞ്ഞ പത്തുവർഷമില്ലാത്ത പവർക്കട്ടിനാണ് രണ്ടുമാസമായി കേരളം സാക്ഷ്യംവഹിക്കുന്നത്. എൽനിനോയും അമിത വൈദ്യുതി ഉപയോഗവുമാണ് പ്രതിസന്ധിക്ക് കാരണമെന്നും മഴ പെയ്യാനായി പ്രാർഥിക്കാനുമാണ് മന്ത്രി സണ്ണി ജോസഫ് ജനങ്ങളോട് പറയുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ മഴ കുറഞ്ഞപ്പോഴും പവർക്കട്ടുണ്ടായിരുന്നില്ല.









0 comments