ad
Deshabhimani

print edition ശുപാർശക്കത്തും സമ്മർദവും: ഇൻസ്‌പെക്ടർ, ഡിവൈഎസ്‌പി 
സ്ഥലംമാറ്റം അട്ടിമറിക്കപ്പെട്ടു

kerala police

പ്രതീകാത്മക ചിത്രം

avatar
റഷീദ്‌ ആനപ്പുറം

Published on Jun 25, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ശുപാർശക്കത്തുകളും ലേലംവിളിയും സമ്മർദവും വലച്ചതോടെ ഇൻസ്‌പെക്ടർ, ഡിവൈഎസ്‌പി, അസി. കമീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സ്‌തംഭിച്ചു. ആഭ്യന്തരമന്ത്രിയുടെ ഓഫീസും സംസ്ഥാന പൊലീസ്‌ മേധാവിയും തയ്യാറാക്കിയ പട്ടിക അട്ടിമറിക്കപ്പെട്ടതോടെയാണ്‌ ഇത്‌. മുഖ്യമന്ത്രിയും മന്ത്രിമാരും യുഡിഎഫ്‌ നേതാക്കളും അവരവരുടെ ആളുകളെ തിരുകിക്കയറ്റി ഉദ്യോഗസ്ഥരുടെ പട്ടികയും ശുപാർശക്കത്തുകളും ഒന്നിലേറെ നൽകിയതാണ്‌ പ്രതിസന്ധി സൃഷ്ടിച്ചത്‌. സ്ഥലംമാറ്റ നടപടി സ്തംഭിച്ചതോടെ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി മാറ്റിയ ഇരുന്നൂറിലേറെ ഉദ്യോഗസ്ഥരുടെ തിരിച്ചുപോക്ക്‌ നിലച്ചു.


ഇഷ്‌ട ലാവണത്തിനായി ചില ഉദ്യോഗസ്ഥർ ഇടനിലക്കാർവഴിയും സമ്മർദം ശക്തമാക്കി. ചില സബ്‌ഡിവിഷനുവേണ്ടി നേതാക്കൾ തമ്മിലടിക്കുകയാണ്‌. മലപ്പുറം, തിരൂർ സബ്‌ ഡിവിഷനുകളിലേക്കായി ലീഗ്‌ മന്ത്രിമാരും പട്ടിക നൽകിയിട്ടുണ്ട്‌. പൊലീസ്‌ സ്‌റ്റേഷനുകളുടെ ചുമതല വീണ്ടും എസഐമാർക്ക്‌ കൈമാറുന്നതിനാൽ എസ്‌എച്ച്‌ഒ ആകാൻ ഇൻസ്‌പെക്ടർമാർക്കിടയിൽ തള്ളിക്കയറ്റം കുറവാണ്‌. പുതിയ സർക്കിൾ വരുന്പോൾ മാറാൻവേണ്ടി ഇടപെടൽ ചിലർ തുടങ്ങി. മാറ്റം ഉറപ്പാണെന്നതിനാൽ പല എസ്‌എച്ച്‌ഓമാരും ഗ‍ൗരവമായ കേസുകളിൽ കൈവയ്‌ക്കാൻ മടിക്കുന്നതായും പരാതിയുണ്ട്‌. പൊലീസ്‌ സ്‌റ്റേഷനുകളുടെയും സബ്‌ഡിവിഷനുകളുടെയും പ്രവർത്തനവും അവതാളത്തിലായി.


എസ്‌ഐ, ഇൻസ്‌പെക്ടർ, ഡിവൈഎസ്‌പി, അസി. കമീഷണർ തസ്‌തികയിൽ സ്വന്തം ജില്ലയിൽ ജോലി ചെയ്യുന്നവരെയും ഒരേസ്ഥലത്ത്‌ മൂന്നുവർഷം തുടർച്ചയായി ജോലി ചെയ്‌തവരെയുമാണ്‌ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം വന്നയുടൻ മാറ്റിയത്‌. പെരുമാറ്റച്ചട്ടം പിൻവലിച്ചാലുടൻ അവരെ പഴയ ഇടങ്ങളിലേക്ക്‌ മാറ്റുകയാണ്‌ പതിവ്‌. ബജറ്റ്‌ അവതരണത്തിന്‌ ശേഷം സ്ഥലംമാറ്റ പട്ടിക ഇറക്കുമെന്നായിരുന്നു അവസാനം പറഞ്ഞത്‌. എസ്‌ഐ സ്ഥലംമാറ്റം റേഞ്ച്‌ ഡിഐജിമാർ നടത്തിയെങ്കിലും ചില ജില്ലകളിൽ ജില്ല പൊലീസ്‌ മേധാവിമാരുടെ നേതൃത്വത്തിൽ അട്ടിമറിച്ചതായും ആരോപണമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home