ലെയ്ൻ ട്രാഫിക് : സുരക്ഷാ മാർഗനിർദ്ദേശങ്ങളുമായി കേരള പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ദേശീയ പാതകളിലടക്കം വിവിധ റോഡുകളിൽ ഇരുചക്ര വാഹനയാത്രക്കാർ റോഡിന്റെ വലതുവശം ചേർന്നും മീഡിയനോട് ചേർന്നും വാഹനം ഓടിക്കുന്ന പ്രവണത വർധിച്ചതായി കേരള പൊലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ്. മീഡിയനോട് ചേർന്ന് വാഹനം ഓടിക്കുന്നത് സുരക്ഷിതമാണെന്ന തെറ്റിദ്ധാരണമൂലമാണ് യാത്രക്കാർ ഇത്തരത്തിൽ വാഹനം ഓടിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. റോഡ് ഗതാഗതം സുഗമമാക്കുന്നതിനായി പൊലീസ് വിവിധ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് നിയമലംഘനങ്ങൾക്കും അതുവഴിയുള്ള അപകടങ്ങൾക്കും കാരണമെന്ന് പൊലീസ് മുന്നറിയിപ്പിൽ പറയുന്നു. നാഷണൽ ഹൈവേ ഉൾപ്പെടെയുള്ള വിവിധ റോഡുകളിൽ പാലിക്കേണ്ട ലെയ്ൻ ട്രാഫിക്(Lane Traffic) സംവിധാനം കാര്യക്ഷമമായി പാലിക്കപ്പെടാത്തത് റോഡപകടങ്ങൾ വർധിക്കുന്നതിനുള്ള പ്രധാനകാരണം. റോഡിലെ ഗതാഗതം സുഗമമാക്കുന്നതിനായി വാഹനങ്ങൾ ഓരോ വരിയായി (Lane) ക്രമീകരിക്കുന്ന രീതിയാണ് ലെയ്ൻ ട്രാഫിക് (Lane Traffic) സംവിധാനം. ലെയ്ൻ അച്ചടക്കം പാലിക്കുന്നത് ഗതാഗതക്കുരുക്ക് കുറയ്ക്കാനും അപകടങ്ങൾ ഒഴിവാക്കാനും സഹായിക്കും.
സാവധാനം പോകുന്ന വാഹനങ്ങളും ഭാരമേറിയ വാഹനങ്ങളും എപ്പോഴും റോഡിന്റെ ഏറ്റവും ഇടതുവശത്തുള്ള ലെയ്ൻ ഉപയോഗിക്കണം. സാധാരണ വേഗതയിൽ പോകുന്ന വാഹനങ്ങൾക്കായി മധ്യഭാഗത്തെ ലെയ്നുകൾ ഉപയോഗിക്കാം. മറ്റു വാഹനങ്ങളെ മറികടക്കാൻ (Overtake) മാത്രമാണ് സാധാരണയായി ഏറ്റവും വലതുവശത്തെ ലെയ്ൻ ഉപയോഗിക്കുന്നത്. മറികടന്ന ശേഷം വീണ്ടും പഴയ ലെയ്നിലേക്ക് മാറേണ്ടതാണ്. ലെയ്ൻ മാറുന്നതിന് മുൻപായി കൃത്യമായി ഇൻഡിക്കേറ്റർ (Indicator) ഉപയോഗിക്കുക. റിയർ വ്യൂ മിററും സൈഡ് മിററുകളും ഉപയോഗിച്ച് പിന്നിൽ നിന്നും വശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കുക. മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ കൃത്യമായ അകലം പാലിച്ചുകൊണ്ട് മാത്രം ലെയ്ൻ മാറുക. മുറിഞ്ഞ വെള്ള വരകളുള്ള ഇടങ്ങളിൽ സുരക്ഷിതമെങ്കിൽ ലെയ്ൻ മാറാവുന്നതാണ്. മുറിയാത്ത വെള്ള വരകളുള്ള ഇടങ്ങളിൽ ലെയ്ൻ മാറുന്നത് അനുവദനീയമല്ല. മഞ്ഞ വരകളുള്ള ഇടങ്ങളിൽ മറികടക്കുന്നത് (Overtake) ഒഴിവാക്കുക. ജംഗ്ഷനുകളിലും സീബ്ര ക്രോസിംഗുകളിലും ലെയ്ൻ മാറുന്നത് ഒഴിവാക്കുക. റോഡരികിലെ ട്രാഫിക് സൈൻ ബോർഡുകളിലെ അടയാളങ്ങൾ കൃത്യമായി പാലിക്കുക.
ഇത്തരത്തിലുള്ള ലെയ്ൻ ട്രാഫിക് ലംഘനങ്ങൾ തുടർച്ചയായ അപകടങ്ങൾക്ക് കരണമാകുന്നതിനാൽ കർശന പരിശോധന നടത്തും. ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെൻറിൻറെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്സ്ആപ്പ് നമ്പർ (974700 1099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ, എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിൻറെ നമ്പർ ഉൾപ്പെടെ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണെന്നും പൊലീസ് വ്യക്തമാക്കി.










0 comments