കുന്നംകുളം സംഭവം: പൊലീസിനെയാകെ അടച്ചാക്ഷേപിച്ചുള്ള വിമർശനം അപകടരം- കേരള പൊലീസ് അസോസിയേഷൻ

2023ൽ കുന്ദംകുളം പോലീസ് സ്റ്റേഷനിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വർത്തമാന കാലത്ത് നടത്തുന്ന സകല ജനകീയ ഇടപെടലുകളെയും റദ്ദ് ചെയ്ത് കൊണ്ട് പോലീസ് പ്രവർത്തനങ്ങളെയാകെ മോശമായി ചിത്രീകരിക്കുന്ന സോഷ്യൽ മീഡിയ ക്യാംപയിൻ അപകടകരമെന്ന് കേരള പോലീസ് അസോസിയേഷൻ. ഇതിൽ ഏറ്റവും വിചിത്രമായ കാര്യം, ഇതുമായി ബന്ധപ്പെട്ട് ചിലരെങ്കിലും ബോധപൂർവ്വം പൊലീസ് സംഘടനകൾക്കെതിരെ ആക്ഷേപവുമായി രംഗത്ത് എത്തുന്നുണ്ട് എന്നതാണെന്നും അസോസിയേഷൻ വ്യക്തമാക്കി.
അടിയന്തരാവസ്ഥക്ക് ശേഷം പൊതുസമൂഹത്തിന് മുൻപിലേക്ക് പൊലീസിനകത്ത് നിന്നും ഉയർന്നു വന്ന ജനാധിപത്യമുദ്രാവാക്യങ്ങളാണ് പൊലീസിനകത്ത് നടന്നുവന്നിരുന്ന അരാജകത്വം തുറന്നുകാട്ടപ്പെട്ടതും മറുമരുന്നെന്നോണം പൊലീസ് സംഘടനകൾ പിറവി കൊള്ളുന്നതും. തുടർന്ന് പൊലീസിനെ മനുഷ്യരാക്കുക എന്ന മുദ്രാവാക്യമുയർത്തി സേനക്കുള്ളിൽ നിന്നുകൊണ്ട് തന്നെ സേനയെ ജനകീയ സേനയാക്കി പരിവർത്തനപ്പെടുത്താനുള്ള ഇടപെടലുകൾക്ക് മുന്നിൽ നിന്ന് പോരാടിയത് കേരളത്തിലെ പൊലീസ് സംഘടനകളായിരുന്നു. അഴിമതിക്കും കസ്റ്റോഡിയൽ മർദ്ദനങ്ങൾക്കുമെതിരായി അന്നുമിന്നും ജനപക്ഷത്ത് നിന്ന് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള സംഘടനയാണ് കേരള പോലീസ് അസോസിയേഷൻ.
സമീപ കാലത്ത് കേരള പൊലീസ് നേടിയ മികവാർന്ന പ്രവർത്തനങ്ങളെ ഇകഴ്ത്തുന്നതിന് വസ്തുതാ വിരുദ്ധമായ പ്രചരണങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങളടക്കം നടത്തി വരുന്നത്. വർഷം ആറ് ലക്ഷത്തോളം എഫ്ഐആറുകളും 30 ലക്ഷത്തോളം പരാതികളും കൈകാര്യം ചെയ്ത് നീതി നിർവ്വഹണം കാര്യക്ഷമമായി നിർവ്വഹിച്ചു വരുന്നവരാണ് കേരള പൊലീസ്. എൻസിആർബി കണക്കുകൾ പ്രകാരം രാജ്യത്തെ തന്നെ മികച്ച കൺവിക്ഷൻ റേറ്റ് (90%) ഉള്ള പോലീസ് ആണ് നമ്മുടേത്.
വർത്തമാന കാലത്ത് നാട് അഭിമുഖീകരിക്കുന്ന മയക്കുമരുന്ന് കേസുകളിൽ 96% ത്തിന് മുകളിലാണ് കേരള പോലീസിന്റെ കൺവിക്ഷൻ റേറ്റ്. അഴിമതി ഏറ്റവും കുറഞ്ഞ പോലീസ് സേനയായി ഇന്ത്യൻ പോലീസ് ഫൗണ്ടേഷൻ റിപ്പോർട്ടിലെ അടയാളപ്പെടുത്തലും കേരള പൊലീസ് സ്വീകരിച്ച സുതാര്യ ജനസേവനത്തിന് കിട്ടിയ അംഗീകാരമാണ്. ഇത്രയേറെ പരാതികളും ക്രൈം കേസുകളും കൈകാര്യം ചെയ്യുമ്പോഴും പൊലീസിനെതിരെ ഉയർന്നുവരുന്ന പരാതികളുടെ എണ്ണം തുലോം തുച്ഛമാണ് എന്നതും പൊലീസ് സേനയുടെ ജനകീയ പരിവർത്തനത്തിൻ്റെ റിസൽട്ടാണ്. 2014, 2015, 2016 കാലഘട്ടങ്ങളിൽ പോലീസ് നടപടികൾക്കെതിരെ യഥാക്രമം 671, 645, 626 പരാതികൾ പോലീസ് കംപ്ലയിൻ്റ്സ് അതോറിറ്റിക്ക് മുന്നിലെത്തിയപ്പോൾ 2023, 2024 കാലഘട്ടത്തിൽ പോലീസിനെതിരെയുള്ള പരാതികൾ യഥാക്രമം 146, 94 എന്നിങ്ങനെ കുറഞ്ഞു എന്ന കാര്യം പുരോഗമനപരമായി ചർച്ച ചെയ്യേണ്ടിടത്താണ് വർഷങ്ങൾക്ക് മുൻപ് നടന്ന ചില ഒറ്റപ്പെട്ട നടപടികളുടെ ദൃശ്യങ്ങൾ സ്വരൂപിച്ച് പോലീസ് വിരുദ്ധ പൊതുബോധനിർമ്മിതിക്ക് മുഖ്യധാര മാധ്യമങ്ങളടക്കം ശ്രമിക്കുന്നത് എന്നത് ഖേദകരമാണ്.
അതിനപ്പുറം സമര കേന്ദ്രങ്ങളിൽ ക്രമസമാധാന പാലനം നിർവ്വഹിച്ചതിൻ്റെ പേരിൽ പോലീസുദ്യോഗസ്ഥരുടെ വീടുകളിലടക്കം മാർച്ച് ചെയ്തും, പ്രക്ഷോഭങ്ങളുടെ മറവിൽ തീപ്പന്തമെറിഞ്ഞും, നിയമംപാലകർ എന്ന ഒറ്റക്കാരണത്താൽ പോലീസ് ഉദ്യോഗസ്ഥരെ കായികമായി ആക്രമിക്കുന്നതിന് ആഹ്വാനം നൽകുന്ന ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വീകരിക്കുന്ന സമീപനങ്ങൾ പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത് എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.
വർഗീയ കലാപങ്ങളില്ലാത്ത നാടായി, കുറ്റവാളികൾക്ക് ശിക്ഷയുറപ്പാക്കുന്ന ശരിയായ നീതി നിർവ്വഹണമുള്ള നാടായി, വിഴിഞ്ഞവും, ദേശീയ പാതയും ഗെയിൽ പൈപ്പ്ലൈനുമടക്കം നടപ്പിലാക്കി വികസിത നവകേരളമായി നാട് പരിവർത്തനപ്പെട്ടത് കാക്കിധാരികളുടെ ചോരയിൽ കുതിർന്ന ആത്മസമർപ്പണത്തിലൂടെയാണെന്ന കാര്യം എത്ര പ്രചണ്ഡ പ്രചാരണം നടത്തിയാലും രാജ്യ നന്മ ആഗ്രഹിക്കുന്ന, സ്വസ്ഥ ജീവിതം കാംക്ഷിക്കുന്ന ഉയർന്ന മൂല്യം കാത്തു സൂക്ഷിക്കുന്ന കേരള സമൂഹം നെഞ്ചേറ്റും.
വീഴ്ചകളില്ല എന്നല്ല, വീഴ്ചകളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചു കൊണ്ട്
ജന നൻമയ്ക്കായി ജനകീയ പൊലീസ് സേവനം കരുത്തോടെ തുടരും.
അരാജകവാദികളുടെ അണിയറപ്പണിയിൽ ഒരുക്കിയ ഏത് പോലീസ് വിരുദ്ധ പൊതുബോധ നിർമ്മിതിക്കുള്ള പ്രചരണത്തെയും ജനകീയ ഇടപടലുകളുടെ അനുഭവ സാക്ഷ്യങ്ങളുടെ അടയാളങ്ങളുയർത്തി നാട് പ്രതിരോധിക്കും.
നാടിനൊപ്പം... ജനപക്ഷ പൊലീസിനൊപ്പം.....
സുധീർ ഖാൻ എ
ജനറൽ സെക്രട്ടറി
കേരള പോലീസ് അസോസിയേഷൻ










0 comments