ആസ്തി കുറച്ച് കാണിച്ചെന്ന് പരാതി; സൂക്ഷ്മപരിശോധനയിൽ വി ഡി സതീശന്റെ പത്രിക മാറ്റിവച്ചു

കൊച്ചി: ആസ്തി വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതിയെത്തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശപത്രികയുടെ സൂക്ഷ്മ പരിശോധന റിട്ടേണിംഗ് ഓഫീസർമാർ താൽക്കാലികമായി മാറ്റിവെച്ചു. എതിർ സ്ഥാനാർത്ഥികൾ ഉന്നയിച്ച പരാതിയെതുടർന്നാണ് നടപടി.
പറവൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്ററാണ് വി ഡി സതീശന്റെ പത്രികയ്ക്കെതിരെ പരാതി നൽകിയത്. പ്രധാനമായും കൈവശമുള്ള സ്വർണ്ണത്തിന്റെ മൂല്യം കുറച്ചുകാണിച്ചു, വരുമാന സ്രോതസ്സ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല എന്നിങ്ങനെയുള്ള പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് പരാതി.
ഔദ്യോഗിക വാഹനത്തിന്റെ പേരിൽ ലഭിച്ച ട്രാഫിക് പെനാൽറ്റി തുക അടച്ചുതീർത്തിട്ടില്ല എന്നും പരാതിയുണ്ട്. അഭിഭാഷകനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആ മേഖലയിൽ നിന്നുള്ള വരുമാനം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ആനുകൂല്യങ്ങളുടെ കൃത്യമായ തുകയും രേഖപ്പെടുത്തിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷനും നേമം നിയോജകമണ്ഡലം സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചു.
പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ പൂർണ്ണമായും വെളിപ്പെടുത്തിയില്ലെന്ന ആക്ഷേപത്തെത്തുടർന്നാണ് റിട്ടേണിംഗ് ഓഫീസറുടെ നടപടി.










0 comments