കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നാടിനെ നടുക്കുന്നു. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവദമ്പതികളുടെ മുറിയിലെ ഫ്രിഡ്ജിൽ നിന്നാണ് മൂന്ന് മാസം പ്രായമുള്ള ഭ്രൂണം കണ്ടെടുത്തത്.
ചെറിയ പെട്ടിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊലീസ് ചോദ്യം ചെയ്തപ്പോൾ താൻ മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്നും ഇക്കഴിഞ്ഞ ഇരുപതാം തീയതി പെട്ടെന്നുണ്ടായ വയറുവേദനയെ തുടർന്ന് ഗർഭം അലസിപ്പോയെന്നുമാണ് യുവതി മൊഴി നൽകിയത്.
നഴ്സിംഗ് പഠിച്ചിട്ടുള്ള താൻ തന്നെ ഭ്രൂണം സ്വയം വേർപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഭ്രൂണം പുറത്ത് ഉപേക്ഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.
സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. യുവതിയുടെയും ഭർത്താവിന്റെയും മൊഴികൾ വിശദമായി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രസവം നടന്ന സാഹചര്യം, ചികിത്സ തേടിയിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനുണ്ട്. സമീപവാസികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.










0 comments