ad
Deshabhimani

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്; കർശന മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ കളക്ടർ

Elections.jpg
വെബ് ഡെസ്ക്

Published on Mar 24, 2026, 10:31 AM | 1 min read

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളിലും അനുബന്ധ പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ബാലവേല നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


രാഷ്ട്രീയ പാർട്ടികൾ കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കുന്നത് തടയാൻ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്നും കളക്ടർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് റാലികൾ, പൊതുയോഗങ്ങൾ, പ്രകടനങ്ങൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പാടില്ല. പോസ്റ്ററുകൾ ഒട്ടിക്കുന്നതിനോ ലഘുലേഖകൾ വിതരണം ചെയ്യുന്നതിനോ കുട്ടികളെ ഉപയോഗിക്കരുത്.


തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങൾ വിളിപ്പിക്കുന്നതും രാഷ്ട്രീയ കവിതകളോ പാട്ടുകളോ കുട്ടികളെക്കൊണ്ട് പാടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളോ കൊടികളോ കുട്ടികൾ പ്രദർശിപ്പിക്കാൻ പാടില്ല. പ്രചാരണത്തിനിടെ കുട്ടികളെ കൈകളിൽ എടുക്കുന്നതോ വാഹനങ്ങളിൽ ഒപ്പം ഇരുത്തുന്നതോ റാലികളിൽ മുൻനിരയിൽ നിർത്തുന്നതോ അനുവദനീയമല്ല.


ഇത്തരം നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ തിരഞ്ഞെടുപ്പ് ചട്ടലംഘനമായി കണക്കാക്കി റിപ്പോർട്ട് ചെയ്യും. കുട്ടികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് അവരുടെ അവകാശങ്ങളുടെ ലംഘനമാണെന്നും ഇത് ഗൗരവകരമായ കുറ്റകൃത്യമായി കാണുമെന്നും കളക്ടർ ഓർമ്മിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home