ജാതി അധിക്ഷേപത്തെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണം: എം വി ഗോവിന്ദൻ


സ്വന്തം ലേഖകൻ
Published on Apr 30, 2026, 08:42 PM | 1 min read
തിരുവനന്തപുരം: ജാതി അധിക്ഷേപത്തെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അധ്യാപകരുടെ മാനസിക പീഡനത്താൽ ജീവനൊടുക്കിയ കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി ആർ എൽ നിധിൻരാജിന്റെ കുടുംബത്തിന് സിപിഐ എം നൽകുന്ന വീടിന്റെ നിർമാണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വീടിനും നാടിനും വലിയ പ്രതീക്ഷ ആയിരുന്ന നിധിൻരാജിന് ജാതി അധിക്ഷേപം അടക്കമുള്ള പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെന്നത് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. ഇപ്പോഴും ജാതി അതിശക്തമായി നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഡോ. റാമിനെ പോലുള്ളവർ. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും അന്വേഷിച്ചു പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം. ജാതി കൊണ്ട് അധിക്ഷേപിക്കുന്നവരെ തിരുത്താനായില്ലെങ്കിൽ കേരളസമൂഹത്തിനു നിലനിൽപ്പില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
മനുസ്‌മൃതി അടിസ്ഥാനമാക്കിയുള്ള ഭരണഘടന വേണമെന്ന് വാദിക്കുന്നവരാണ് ഇപ്പോഴും ഒരു വിഭാഗം. ജനങ്ങളുടെ ഐക്യം തകർക്കാനുള്ള ഇത്തരക്കാരുടെ ശ്രമങ്ങളെ തിരിച്ചറിയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments