ജമാഅത്തെ ഇസ്ലാമി സമുദായത്തെ പിന്നോട്ട് തള്ളി
print edition വോട്ടും കൂട്ടും പാടില്ല: കേരള മുസ്ലിം ജമാഅത്ത്

കോഴിക്കോട്
ഭരണഘടനയും കോടതിയുമടക്കമുള്ള ഭരണ, നിയമ സംവിധാനങ്ങളെ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്ക് വോട്ട് ചെയ്യരുതെന്ന് കേരള മുസ്ലിം ജമാഅത്ത്. ജമാഅത്തെ ഇസ്ലാമിയെ വിശുദ്ധപശുവാക്കി വോട്ട് തേടുന്ന കോൺഗ്രസും മുസ്ലിംലീഗും ചരിത്രം മറക്കരുതെന്നും മുസ്ലിം ജമാഅത്ത് ഓർമിപ്പിച്ചു.
സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ (കാന്തപുരം)യുടെ മുഖപത്രമായ ‘സിറാജിൽ’ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാനസെക്രട്ടറി മാളിയേക്കൽ സുലൈമാൻ സഖാഫി എഴുതിയ ലേഖനത്തിലാണ് ജമാഅത്തെ ഇസ്ലാമിയുടെയും അവരുമായി കൂടുന്ന കോൺഗ്രസ്–ലീഗ് പാർടികളുടെയും ആശയപാപ്പരത്തം വ്യക്തമാക്കുന്നത്. ‘ജമാഅത്തെ ഇസ്ലാമി വോട്ട് തേടുമ്പോൾ’ എന്ന പേരിൽ ഞായറാഴ്‌ച പ്രസിദ്ധീകരിച്ച ലേഖനത്തിൽ പരസ്‌പരം എതിർത്തും വിമർശിച്ചുമുള്ള മുൻ നിലപാടുകളും വിശദമാക്കിയിട്ടുണ്ട്. മുസ്ലിംലീഗിനെ ഒന്നാം തരം തീവ്രവാദ പ്രസ്ഥാനമായി ജമാഅത്തെ ചിത്രീകരിച്ചതും മാറാടിന്റെ രക്തക്കറ പേറി നടക്കുന്നവർ എന്ന് ലീഗിനെക്കുറിച്ച് പ്രചരിപ്പിച്ചതുമെല്ലാം മറന്നോ എന്ന് ലീഗുകാരോട് ലേഖനം ചോദിക്കുന്നു.
‘ജമാഅത്തെ ഇസ്ലാമി ഒരു ചെളിയും പുരളാത്ത പരിശുദ്ധ നെയ്യ്' എന്ന പുസ്‌തകത്തിലൂടെ ജമാഅത്തെയെ കടന്നാക്രമിച്ച ലീഗിനായി ജമാഅത്തെ വോട്ട്‌തേടുന്നതിലെ കാപട്യം വ്യക്തമാക്കണം. ഖുർആൻ ഉദ്ധരിച്ച്, ഇന്ത്യൻ ഭരണസംവിധാനങ്ങളും വോട്ടും ശിർക്കാണെന്ന് പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്ക് വോട്ട്‌തേടാൻ അർഹതയില്ല. സമുദായത്തെ അന്പതുവർഷമെങ്കിലും പിന്നിലേക്ക് തള്ളിയവരാണിവർ.
ജമാഅത്തെ ഇസ്ലാമി അർധസൈനിക സംഘടനയാണെന്ന് 1970ൽ എഐസിസി നേതൃസംഘം വിലയിരുത്തിയതാണ്. ഇൗ സാഹചര്യത്തിൽ കോൺഗ്രസ് ജമാഅത്തെക്ക് വോട്ട് തേടുന്നതിലെ നിലപാടില്ലായ്മയും ലേഖനത്തിൽ പരാമർശിക്കുന്നു.










0 comments