തിയറ്ററുകളിലെ ‘കൊള്ളവില’; സാധാരണ വിലയേക്കാൾ അഞ്ചിരട്ടി വരെ, കോഴിക്കോടും പരിശോധന

കോഴിക്കോട്: സിനിമ കാണാൻ കുടുംബമായി തിയറ്ററിലെത്തുന്നവർക്ക് ടിക്കറ്റിനേക്കാൾ വലിയ ചെലവായി മാറുകയാണ് ഭക്ഷണവും പാനീയങ്ങളും. പരാതികൾ ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് മൾട്ടിപ്ലക്സുകളിൽ പരിശോധന വ്യാപിക്കുകയാണ്. കൊച്ചിയിലെ പരിശോധനയിൽ പോപ്കോണിനും ശീതളപാനീയങ്ങൾക്കും പൊതുവിപണിയിലേതിനേക്കാൾ അഞ്ചിരട്ടി വരെ വില ഈടാക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെ കോഴിക്കോട് ബ്ലൂ ഡയമണ്ട് മാളിലും സംയുക്ത പരിശോധന നടന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
കൊച്ചിയിലെ പരിശോധനയാണ് അമിതവിലയുടെ വ്യാപ്തി വ്യക്തമാക്കിയത്. പോപ്കോൺ ടബുകൾക്ക് 295 രൂപ മുതൽ 600 രൂപവരെയാണ് ഈടാക്കിയിരുന്നത്. 400 ഗ്രാം പോപ്കോണിന് 330 രൂപയ്ക്കുമുകളിൽ വിലയുണ്ടായിരുന്നുവെന്നും പരിശോധനാ സംഘം കണ്ടെത്തി. 510 മില്ലി കുപ്പിവെള്ളത്തിന് 70 രൂപയും ഒരു ലിറ്ററിന് 90 രൂപയ്ക്കുമുകളിലും ഈടാക്കിയിരുന്നു.
പോപ്കോണും ശീതളപാനീയങ്ങളും പൊതുവിപണിയിലെ വിലയേക്കാൾ അഞ്ചിരട്ടി വരെ കൂടുതലാണെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. തിരുവനന്തപുരം മേയർ വി വി രാജേഷ് നേരത്തെ ചൂണ്ടിക്കാട്ടിയ വിലവ്യത്യാസവും ഇതിന് സമാനമാണ്. പുറത്തു 25 രൂപയ്ക്ക് ലഭിക്കുന്ന പോപ്കോണിന് തിയറ്ററുകളിൽ 250 രൂപവരെ ഈടാക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
സിനിമ കാണാനെത്തുന്നവർക്ക് ഒരു ചായയോ ലഘുഭക്ഷണമോ വാങ്ങുന്നതുപോലും വലിയ ചെലവാകുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊച്ചിയിലെ സെന്റർ സ്ക്വയർ മാൾ, ഫോറം മാൾ, ന്യൂക്ലിയസ് മാൾ എന്നിവിടങ്ങളിലെ മൾട്ടിപ്ലക്സുകളിലാണ് പരിശോധന നടന്നത്.
ചിലയിടങ്ങളിൽ വിലപ്പട്ടിക വ്യക്തമായി പ്രദർശിപ്പിച്ചിരുന്നില്ല. മറ്റിടങ്ങളിൽ വില മാത്രം കാണിച്ചിരുന്നെങ്കിലും നൽകുന്ന ഭക്ഷണത്തിന്റെ അളവ് വ്യക്തമാക്കിയിരുന്നില്ല. തൂക്കവും വിലപ്പട്ടികയും പരിശോധിച്ച ഉദ്യോഗസ്ഥർ ക്രമക്കേടുകൾ കണ്ടെത്തിയ ഇടങ്ങളിൽ കേസെടുക്കുകയും നോട്ടീസ് നൽകുകയും ചെയ്തു.
പുറത്തുനിന്ന് കുടിവെള്ളം ഉൾപ്പെടെയുള്ള പാനീയങ്ങൾ കൊണ്ടുവരുന്നതിന് നിയന്ത്രണമുള്ള സാഹചര്യത്തിൽ തിയറ്ററിനുള്ളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കണമെന്നാണ് ചട്ടം. എന്നാൽ ചില മൾട്ടിപ്ലക്സുകളിൽ സൗജന്യ കുടിവെള്ളം ആളുകൾക്ക് എളുപ്പം കാണാനാകാത്ത സ്ഥലങ്ങളിൽ വെച്ചിരുന്നതായും പരിശോധനയിൽ കണ്ടെത്തി.
ഇതോടെ ഉയർന്ന വിലയ്ക്ക് കുപ്പിവെള്ളം വാങ്ങേണ്ട സാഹചര്യം സൃഷ്ടിക്കുന്നുവെന്ന പരാതിക്കും ബലം ലഭിച്ചു. ഇതിന് പിന്നാലെയാണ് കോഴിക്കോട് ബ്ലൂ ഡയമണ്ട് മാളിൽ പരിശോധന നടന്നത്. ഇവിടെ വിലപ്പട്ടിക വ്യക്തമായി പ്രദർശിപ്പിക്കാത്തതും വിൽക്കുന്ന ഭക്ഷണത്തിന്റെ അളവ് സംബന്ധിച്ച വിവരങ്ങൾ കൃത്യമായി നൽകാത്തതുമടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തി. ഇവ തിരുത്താൻ സ്ഥാപനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തു. പരിശോധനാ റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
എന്നാൽ അമിതവില നിയന്ത്രിക്കുന്നതിൽ നിയമപരമായ പരിമിതിയും സർക്കാർ ചൂണ്ടിക്കാട്ടുന്നു. പാക്കറ്റിൽ എംആർപി രേഖപ്പെടുത്തിയ സാധനങ്ങൾ അതിനുമുകളിൽ വിലയ്ക്ക് വിറ്റാൽ നടപടി എടുക്കാം. എന്നാൽ തിയറ്ററിനകത്ത് തയ്യാറാക്കി വിൽക്കുന്ന പോപ്കോൺ, ചായ, മറ്റ് ഭക്ഷണസാധനങ്ങൾ എന്നിവയുടെ വില നേരിട്ട് നിശ്ചയിക്കാനോ പരിധി ഏർപ്പെടുത്താനോ നിലവിലെ നിയമപ്രകാരം വകുപ്പുകൾക്ക് വ്യക്തമായ അധികാരമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും സർക്കാർ ഇടപെടലിന് നിയമപരമായ പരിധിയുണ്ടെന്ന് വ്യക്തമാക്കി.
അതേസമയം പുറത്തുനിന്ന് ഭക്ഷണവും പാനീയവും കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും അകത്തെ ഭക്ഷണത്തിന് വിപണിയിലേതിനേക്കാൾ പലമടങ്ങ് വില നിശ്ചയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉപഭോക്താവിന് മറ്റുവഴികൾ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. വില നിശ്ചയിക്കാൻ സ്ഥാപനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും അതേ സ്ഥാപനത്തിനകത്ത് ഉപഭോക്താവിന്റെ മറ്റുവഴികൾ അടയ്ക്കുമ്പോൾ സർക്കാർ എന്ത് ഇടപെടൽ നടത്തുമെന്നതും ശ്രദ്ധേയമാണ്.
തിരുവനന്തപുരത്ത് തിയറ്റർ ഉടമകളുടെ യോഗം വിളിച്ച് ഭക്ഷണവിലയ്ക്കൊപ്പം പാർക്കിങ്, ശുചിത്വം, സുരക്ഷ, മാലിന്യസംസ്കരണം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യാനാണ് തീരുമാനം. സർക്കാർ നിയമപരമായ പരിമിതികൾ ചൂണ്ടിക്കാട്ടി കൈയൊഴിയരുതെന്നും ജനങ്ങളെ ആശ്രയിച്ചാണ് സിനിമാ വ്യവസായം നിലനിൽക്കുന്നതെന്നും മേയർ പറഞ്ഞിരുന്നു.









0 comments