പാലക്കാട് ഡിവിഷൻ വിഭജനം; ഡിവൈഎഫ്‌ഐ നിവേദനം നൽകി


സ്വന്തം ലേഖകൻ
Published on Sep 07, 2026, 04:13 PM | 1 min read
പാലക്കാട്l: ഡിവിഷൻ വിഭജിച്ച് മംഗളൂരു മേഖല മൈസൂരുവിൽ ലയിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഡിവൈഎഫ്‌ഐ പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേർക്ക് നിവേദനം നൽകി.
വിഭജനം പാലക്കാട് ഡിവിഷന്റെ സാമ്പത്തിക ഭദ്രത, പ്രവർത്തനക്ഷമത, വികസന സാധ്യതകൾ എന്നിവയെയും കേരളത്തിന്റെയും മലബാർ മേഖലയുടെയും ദീർഘകാല താൽപ്പര്യങ്ങളെയും ബാധിക്കുമെന്ന് നിവേദനത്തിൽ പറഞ്ഞു. ഡിവിഷൻ ലയനംമൂലം പാലക്കാട് ഡിവിഷന് പ്രതിവർഷം ഏകദേശം 1,000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ.
ഇത് പുതിയ ട്രെയിനുകൾ ഏർപ്പെടുത്തുന്നതിനും യാത്രാ സേവനങ്ങൾ വിപുലീകരിക്കുന്നതിനുമുള്ള ഡിവിഷന്റെ കഴിവിനെ ബാധിക്കും.2007-ൽ സേലം ഡിവിഷൻ രൂപീകരിച്ചതിനുശേഷം ഏകദേശം 1,247.58 റൂട്ട് കിലോമീറ്റർ ഉണ്ടായിരുന്ന പാലക്കാട് ഡിവിഷന്റെ അധികാരപരിധി ഘട്ടംഘട്ടമായി കുറഞ്ഞു. പുതിയ വിഭജനം പാലക്കാട് ഡിവിഷനെ കൂടുതൽ ദുർബലമാക്കുമെന്നും നിവേദനത്തിൽ പറഞ്ഞു.
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആർ ജയദേവൻ, സംസ്ഥാന കമ്മിറ്റി അംഗം ടി പി ഷഫീക്ക്, ജില്ലാ ട്രഷറർ എം എ ജിതിൻ രാജ്, ജോയിന്റ് സെക്രട്ടറിമാരായ കെ ഷൈജു, എ എൻ നീരജ്, വൈസ് പ്രസിഡന്റുമാരായ കെ ശ്രീരാജ്, എ മുഹമ്മദ് മുനീർ, ജില്ലാ കമ്മിറ്റി അംഗം കെ പി ഐശ്വര്യ എന്നിവർ പങ്കെടുത്തു.
Caption: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേർക്ക് നിവേദനം നൽകുന്നു









0 comments