പുനലൂരിൽ താപനില ക്രമാതീതമായി ഉയരുന്നു

ഫോട്ടോ: എം എസ് ശ്രീധർലാൽ
കൊല്ലം : മഴയൊഴിഞ്ഞതോടെ ചൂടിൽ വലഞ്ഞ് കേരളം. കൊല്ലം ജില്ലയിലെ പുനലൂരിലാണ് പകൽ സമയം ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത്. പുനലൂരിൽ 35.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കോട്ടയത്ത് 35 ഡിഗ്രിയാണ് താപനില. വരും ദിവസങ്ങളിലും ചൂട് കടുക്കുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച പുനലൂരിൽ 36.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് അധികമാണ്
സെപ്തംബറിൽ പ്രതീക്ഷിച്ച മഴ ലഭിക്കാഞ്ഞതോടെയാണ് ചൂട് വർധിച്ചത്. കണ്ണൂർ, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. സൂര്യ രശ്മികൾ നേരിട്ട് പതിക്കുന്നത് സൂര്യാതപമടക്കമുള്ള അപകടങ്ങൾക്ക് കാരണമാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അൾട്രാവയലറ്റ് വികിരണത്തോതും വർധിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പുണ്ട്. തീപിടിത്തത്തിനടക്കമുള്ള സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.









0 comments