ad
Deshabhimani

ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്തു, എസ്‌എഫ്‌ഐ നേതാവിനെതിരെ നടപടിയുമായി യുപി പൊലീസ്; പ്രതിഷേധം

sfi flag
വെബ് ഡെസ്ക്

Published on Sep 07, 2026, 04:01 PM | 1 min read

ന്യൂഡൽഹി : ജന്തർ മന്തറിൽ വിദ്യാർഥി-യുവജന പ്രതിഷേധത്തിൽ പങ്കെടുത്ത എസ്‌എഫ്‌ഐ ഉത്തർപ്രദേശ് സംസ്ഥാന കമ്മിറ്റി അംഗം അക്ഷതിനെ ലക്ഷ്യം വച്ചുള്ള യുപി പൊലീസിന്റെ നടപടിയെ അപലപിക്കുന്നതായി എസ്എഫ്ഐ. പൊലീസിന്റെ ഉത്തരവ് സുപ്രീം കോടതി ഉത്തരവുകളുടെ വ്യക്തമായ ലംഘനമാണെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. ഗ്രേറ്റർ നോയിഡയിലെ ഗൗതം ബുദ്ധ സർവകലാശാല വിദ്യാർഥിയുമായ അക്ഷത് ത്രിപാഠിക്കെതിരെ പൊലീസിന്റെ റിപ്പോർട്ടിനെ തുടർന്ന് ഗ്രേറ്റർ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ബിഎൻഎസ് സെക്ഷൻ 130 പ്രകാരം നോട്ടീസ് നൽകുകയും അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്‍‌തതായി എസ്എഫ്ഐ വ്യക്തമാക്കി.


ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനോടും വിദ്യാഭ്യാസ മന്ത്രിയോടും വിശദീകരണം ആവശ്യപ്പെട്ടാണ് ജന്തർ മന്തറിൽ പ്രതിഷേധം നടന്നത്. ജൂലൈ 20ന് പാർലമെന്റിലേക്ക് നടന്ന മാർച്ചിനിടെ ഡൽഹി പൊലീസ് നടത്തിയ ആക്രമണത്തിൽ അക്ഷതിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സർക്കാരിനെതിരെ വിദ്യാർഥികളെ നയിച്ചുവെന്നാരോപിച്ചാണ് അക്ഷതിനെതിരെ യുപി പൊലീസ് നടപടി സ്വീകരിച്ചത്. ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന സുപ്രീംകോടതി നിർദേശം ഉണ്ടായിരുന്നിട്ടും കേസെടുത്തത് കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.


ഉത്തർപ്രദേശ് സർക്കാരിന്റെയും പൊലീസിന്റെയും അടിച്ചമർത്തൽ നടപടിയെ ശക്തമായി അപലപിക്കുന്നതായി എസ്എഫ്ഐ വ്യക്തമാക്കി. ജനാധിപത്യ ശബ്ദങ്ങളെ ഭീഷണിപ്പെടുത്താനും അടിച്ചമർത്താനും പൊലീസ് സംവിധാനത്തെ ഉപയോഗിക്കുന്ന ബിജെപി സർക്കാരിന്റെ നടപടി ഉടൻ അവസാനിപ്പിക്കണം. അക്ഷതിനെതിരെ പുറപ്പെടുവിച്ച ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home