ad
Deshabhimani

print edition ചിലന്തിയാർ ചെക്ക് ഡാം പദ്ധതി; ഹരിത ട്രൈബ്യൂണൽ ഇടപെടൽ റദ്ദാക്കണമെന്ന്‌ കേരളം

Supreme Court of India
വെബ് ഡെസ്ക്

Published on Mar 26, 2026, 12:08 AM | 1 min read

ന്യൂഡൽഹി: ഇടുക്കി വട്ടവടയിലെ 2850 ആദിവാസി കുടുംബങ്ങൾക്ക്‌ ശുദ്ധജലം നൽകാൻ ലക്ഷ്യമിടുന്ന ചിലന്തിയാർ ചെക്ക് ഡാം പദ്ധതിയിൽ ഇടപെട്ട ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടി നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട്‌ കേരളം സുപ്രീംകോടതിയെ സമീപിച്ചു.


അന്തർസംസ്ഥാന നദീജല പ്രശ്‌നങ്ങളിൽ ഇടപെടാൻ ട്രൈബ്യൂണലിന്‌ വിലക്കുണ്ടെന്നും ഇത്‌ ലംഘിച്ചാണ്‌ സ്വമേധയാ കേസ്‌ എടുത്തതെന്നും ചീഫ്‌ സെക്രട്ടറി സമർപ്പിച്ച സിവിൽ അപ്പീലിൽ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ തിരുപ്പുർ, കരൂർ ജില്ലകളിലെ കൃഷിയെ പദ്ധതി ബാധിക്കുമെന്ന്‌ അവകാശപ്പെട്ട്‌ ഒരു മാധ്യമം നൽകിയ വാർത്തയെ തുടർന്ന്‌ 2024ലാണ്‌ ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച്‌ കേസെടുത്തത്‌. വിഷയം തമിഴ്‌നാടുമായി ചർച്ച ചെയ്‌ത്‌ രമ്യമായി പരിഹരിക്കണമെന്നായിരുന്നു നിർദേശം.


ഭരണഘടനയുടെ 262–ാം അനുച്ഛേദപ്രകാരം അന്തർസംസ്ഥാന നദീജല തർക്കങ്ങളിൽ ഇടപെടാൻ ട്രൈബ്യൂണലിന്‌ വിലക്കുണ്ട്‌. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയത്തിൽ ഇടപെടാനാണ്‌ അധികാരമുള്ളത്‌. ജൽജീവൻ മിഷനുമായി സഹകരിച്ച്‌ ആദിവാസി കുടുംബങ്ങൾക്ക്‌ ശുദ്ധജലം എത്തിക്കാനാണ്‌ ചിലന്തിയാറിൽ ചെക്ക്‌ ഡാം പണിയുന്നത്‌.


ഈ പ്രദേശത്തെ വറ്റാത്ത ഒരേയൊരു അരുവിയാണിത്‌. ദ്രുത പരിസ്ഥിതി ആഘാത പഠനം നടത്തി അനുമതി നൽകിയ പദ്ധതിയിലാണ്‌ ട്രൈബ്യൂണൽ ഇടപെടലെന്നും ഹർജിയിൽ പറഞ്ഞു. ചിലന്തിയാറിൽ ചെക്ക്‌ ഡാം പണിതാൽ തമിഴ്‌നാട്ടിലെ അമരാവതി ഡാമിലേയ്‌ക്കുള്ള നീരൊഴുക്ക്‌ കുറയുമെന്നും രണ്ടുജില്ലകളിലെ അരലക്ഷം ഹെക്‌ടർ പ്രദേശത്തെ കൃഷി നശിക്കുമെന്നുമാണ്‌ തമിഴ്‌നാടിന്റെ വാദം. വിഷയം സുപ്രീംകോടതി പരിഗണിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home