print edition കൈയൊഴിഞ്ഞ് സർക്കാർ; കടലിൽ കാണാതായവർക്കുള്ള തിരച്ചിലിൽ ഗുരുതര അലംഭാവം

ബിജോ ടോമി
Published on Aug 09, 2026, 02:29 AM | 1 min read
തിരുവനന്തപുരം : കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഉൗർജിതമാക്കുമെന്ന ഉറപ്പ് ശനിയാഴ്‌ചയും പാലിച്ചില്ല സർക്കാർ. ഒന്പതുദിവസം പിന്നിടുന്പോഴും സർക്കാർ നിസ്സംഗത തുടരുന്നു. കുടുംബങ്ങളുടെ ഹൃദയംനൊന്ത വിലാപവും കാണുന്നില്ല. തിരുവനന്തപുരം മുതലപ്പൊഴി, വിഴിഞ്ഞം, കൊല്ലം നീണ്ടകരയിലെയും തൊഴിലാളികളെയാണ് കാണാതായത്. ആദ്യ ദിവസം മുതല്‍ നിര്‍ജീവമായ തിരച്ചില്‍ കുടുംബാംഗങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഊര്‍ജിതമാക്കുമെന്ന് വെള്ളിയാഴ്ച മന്ത്രിമാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ശനിയാഴ്ചയും രക്ഷാപ്രവർത്തനം ഉൗർജിതമാക്കിയില്ല.
മുതലപ്പൊഴിയിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ ഭാര്യ സ്റ്റിജി പിഞ്ചുകുഞ്ഞുങ്ങളുമായി പെരുമഴയത്ത് പ്രതിഷേധിച്ചശേഷമാണ്, ശനി പുലർച്ചെ 5.45മുതൽ മുങ്ങൽവിദഗ്‌ധരെ ഉൾപ്പെടുത്തി തിരച്ചിൽ നടത്തുമെന്ന് മന്ത്രി സി പി ജോൺ അറിയിച്ചത്. മത്സ്യത്തൊഴിലാളികളും ഷിജിന്റെ ബന്ധുക്കളും കൃത്യസമയത്ത് എത്തിയെങ്കിലും സർക്കാര്‍ പ്രതിനിധികൾ എത്തിയില്ല. രാവിലെ ഒമ്പതിനാണ് ഫിഷറീസ് അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വന്നത്. മുങ്ങൽ വിദഗ്ധര്‍ ഇല്ലായിരുന്നു. അതോടെ മത്സ്യത്തൊഴിലാളികൾ സ്വന്തംനിലയ്ക്ക് തിരച്ചിലിനിറങ്ങി. പന്ത്രണ്ടരയോടെ സ്വകാര്യ സ്കൂബ സംഘം എത്തിയെങ്കിലും 45 മിനിറ്റിനുശേഷം മടങ്ങി. വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസിനായി സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണമെന്ന് മകൾ ജിജി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല.
തിരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ ശനിയാഴ്ച വിഴിഞ്ഞത്ത് ദേശീയപാത ഉപരോധിച്ചു. സിപിഐ എം തിരുവനന്തപുരം ജില്ലാസെക്രട്ടറി വി ജോയി, സംസ്ഥാന കമ്മിറ്റി അംഗം ജെ മേഴ്സിക്കുട്ടിഅമ്മ, മുതിര്‍ന്ന നേതാവ് ആനാവൂർ നാഗപ്പൻ എന്നിവർ നേതൃത്വം നൽകി. രാമേശ്വരംവരെ തിരച്ചിൽ നീട്ടാമെന്നും നേവിയുടെ സഹായം തേടാമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജ മേരി അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
കാട്ടിക്കൂട്ടലല്ല ഫലപ്രദ നടപടിയാണ് വേണ്ടെതെന്ന് നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണന്റെ അമ്മ രേഷ്മ പറഞ്ഞു. അലംഭാവം തുടർന്നാൽ വലിയ പ്രക്ഷോഭമുണ്ടാകും. ബോട്ടിൽ മകനൊപ്പം ഉണ്ടായിരുന്ന അച്ഛൻ രാജീവനെയും ഭർത്താവ് രാധാകൃഷ്ണനെയും നഷ്ടമായ വേദനയിലാണ് ഇൗ അമ്മ. തീരപ്രദേശം സന്ദർശിക്കാത്തത് എന്തുകൊണ്ടെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രണ്ടാംദിവസവും ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾഗഫൂർ മറുപടി നൽകിയില്ല.









0 comments