ad
Deshabhimani

62 സ്ഥാപനങ്ങൾ വൻതുക പാട്ടക്കുടിശ്ശികയാക്കി

print edition സർക്കാർ ഭൂമിയിലെ പാട്ടക്കുടിശിക: അന്വേഷിക്കാൻ ലോകായുക്ത ഉത്തരവ്

Lokayuktha
വെബ് ഡെസ്ക്

Published on Jun 10, 2026, 12:00 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം താലൂക്കിലെ സർക്കാർഭൂമികൾ പാട്ടത്തിന് കൈവശംവച്ച സ്ഥാപനങ്ങളിൽനിന്ന് പാട്ടക്കുടിശ്ശിക ഈടാക്കുന്നതിൽ വീഴ്‌ചവരുത്തിയെന്ന പരാതിയിൽ കേരള ലോകായുക്ത അന്വേഷണത്തിന്‌ ഉത്തരവിട്ടു. സർക്കാർഭൂമി പാട്ടത്തിന് കൈവശംവച്ച 62 സ്ഥാപനങ്ങളിൽനിന്ന് ഗണ്യമായ തുക പാട്ടക്കുടിശ്ശികയായി ഈടാക്കാനുണ്ടെന്നാണ്‌ പരാതി. ലോകായുക്ത ജ. എൻ അനിൽ കുമാർ, ഉപലോകായുക്ത ജ. അശോക് മേനോൻ എന്നിവർ അംഗങ്ങളായ ബഞ്ചിന്റേതാണ്‌ ഉത്തരവ്‌. മുണ്ടേല പി ബഷീറിന്റെ പൊതുതാൽപ്പര്യ ഹർജി ഫയലിൽ സ്വീകരിച്ചാണ് ഉത്തരവ്‌.


പാട്ടത്തുക നിശ്ചയിക്കൽ, ഡിമാൻഡ് നോട്ടീസ് നൽകൽ, കുടിശ്ശിക ഈടാക്കൽ, വീഴ്ച വരുത്തിയ പാട്ടക്കാർക്കെതിരെ നിയമനടപടികൾ ആരംഭിക്കൽ തുടങ്ങിയ കാര്യങ്ങളിൽ അനാസ്ഥ ഉണ്ടായെന്നാണ് പരാതിയിലെ ആരോപണം. പാട്ടക്കുടിശ്ശിക ദീർഘകാലമായി ഈടാക്കാതെ തുടരുന്നത് പൊതുഖജനാവിന് ഗണ്യമായ സാമ്പത്തിക നഷ്ടത്തിന്‌ ഇടയാക്കുമെന്ന്‌ ലോകായുക്ത നിരീക്ഷിച്ചു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കലക്ടർക്കും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും ലോകായുക്ത നിർദേശം നൽകി.


പാട്ടക്കരാറുകളുടെ നിലവിലെ സ്ഥിതി, കുടിശ്ശിക തുക, കുടിശ്ശിക ഈടാക്കുന്നതിനായി സ്വീകരിച്ച നടപടികൾ, വീഴ്ചവരുത്തിയ സ്ഥാപനങ്ങൾക്കെതിരെ എടുത്ത നടപടികൾ എന്നിവ സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. പാട്ടക്കരാറുകൾ, ഡിമാൻഡ് നോട്ടീസുകൾ, കത്തിടപാടുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവയും റിപ്പോർട്ടിനൊപ്പം ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിക്കുന്നതിനും തുടർപരിഗണനയ്ക്കുമായി കേസ് 27-ലേക്ക് മാറ്റി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home