ad
Deshabhimani

print edition നിയമ പരീക്ഷ 
ഇനി മലയാളത്തിലെഴുതാം

Exams.jpg
വെബ് ഡെസ്ക്

Published on Mar 17, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമപഠന രംഗത്തെ പരീക്ഷകൾ ഇനിമുതൽ മലയാളത്തിലും എഴുതാൻ അവസരമൊരുക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയന വർഷംമുതൽ വിദ്യാർഥികൾക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ പരീക്ഷയെഴുതാൻ അനുമതി നല്കിയുള്ള ഉത്തരവ് സർക്കാർ‌ പുറപ്പെടുവിച്ചു. ‌


ലോ കോളേജുകളിൽ നിയമപഠനവും പരീക്ഷയും മലയാളത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനം സർക്കാരിന് ലഭിച്ചിരുന്നു. ഇതിന്റെ പ്രായോഗിക വശംപരിശോധിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിലും സർവകലാശാലകളും സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (ന്യൂവാൽസ്) ഒഴികെയുള്ളവ നടത്തുന്ന നിയമപഠന പരീക്ഷകളാണ് മലയാളത്തിലും എഴുതാനാകുക.


മലയാളം ഭാഷാ ബില്ലിന് അംഗീകാരം ലഭിച്ചതിന് ശേഷമുള്ള നിർണായക തീരുമാനങ്ങളിലൊന്നാണിത്. ഭാഷാ നിയമം വന്നതോടെ ജില്ലാ കോടതികൾ വരെയുള്ളതിൽ വ്യവഹാരങ്ങൾ മലയാളത്തിലാകും. ഈ സാഹചര്യത്തിൽ നിയമ പരീക്ഷ മലയാളത്തിലാകുന്നത് വിദ്യാർഥികൾക്ക് ഉപകാരപ്രദമാകും.


ഭാഷാ വിഷയം ഒഴികെയുള്ള ബിരുദം, ബിരുദാനന്തര പരീക്ഷകൾ മലയാളത്തിൽ എഴുതാനുള്ള പൊതുനിർദേശം 2025 നവംബറിൽ നല്കിയിരുന്നു. ഐക്യ മലയാള പ്രസ്ഥാനത്തിന്റെ നിരന്തരമായ ഇടപ്പെടലിലൂടെയാണ് ഇത് സാധ്യമായതെന്ന് ജില്ലാ സെക്രട്ടറി വി വൈഷ്ണവി പറഞ്ഞു. നിയമപഠനത്തിന്റെ പ്രവേശന പരീക്ഷയും മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവേശന പരീക്ഷ കമ്മീഷണറെ സമീപിക്കുമെന്നും അവർപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home