print edition എൻജിനിയറിങ് പ്രവേശനം; കീം: പുനഃപരിശോധിക്കാൻ സർക്കാർ

തിരുവനന്തപുരം: കേരള എൻജിനിയറിങ്– ആർകിടെക്‌ചർ പ്രവേശന പരീക്ഷ (കീം) നിലവിലെ രീതിയിൽ തുടരണോ എന്നതടക്കം പഠിക്കുന്നതിന് സംസ്ഥാന സർക്കാർ സമിതി രൂപീകരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണുമായി എൻജിനീയറിങ് കോളേജ് പ്രതിനിധികൾ നടത്തിയ ചർച്ചയിൽ കീം നിർത്തലാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
തുടർന്നാണ് വിഷയത്തിൽ സമിതി രൂപീകരിക്കാൻ മന്ത്രി നിർദേശം നൽകിയത്. സമിതിയുടെ റിപ്പോർട്ടുപ്രകാരമുള്ള മാറ്റങ്ങൾ അടുത്ത അധ്യയനവർഷത്തിനുമുന്പ് വരുത്താനാണ് നിർദേശം.
സംസ്ഥാനത്തെ കോളേജുകളിൽ പലയിടത്തും സീറ്റ് ഒഴിഞ്ഞുകിടക്കുകയാണെന്നും വിദ്യാർഥികൾ ഇതര സംസ്ഥാനങ്ങളിലെ കോളേജുകളിൽ പ്രവേശനം നേടുകയാണെന്നുമാണ് എൻജിനീയറിങ് കോളേജ് പ്രതിനിധികൾ പറയുന്നത്.
തമിഴ്‌നാട്ടിൽ എൻജിനിയറിങ് പ്രവേശന പരീക്ഷയില്ല. പ്രവേശന പരീക്ഷ ഒഴിവാക്കിയാൽ വിദ്യാർഥികൾക്ക് ഇവിടുത്തെ കോളേജുകളിൽ പ്രവേശനം നേടാമെന്നുമാണ് വാദം. കീം പൂർണമായി നിർത്തലാക്കണോ എന്നതടക്കമുള്ള വിഷയങ്ങൾ സമിതി പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ എസ് നായർ പറഞ്ഞു. തിരുവനന്തപുരം സിഇടി പോലെയുള്ള മികച്ച അക്കാദമിക് സ്ഥാപനങ്ങൾക്കായി കീം പരിമിതപ്പെടുത്തുന്നതും മറ്റ് കോളേജുകളിൽ പ്ലസ്‌ടു മാർക്ക് മാനദണ്ഡമാക്കി പ്രവേശനം നൽകുന്നതും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.









0 comments