കേരളം സ്‌ത്രീപക്ഷ ടൂറിസത്തിന്റെ വിജയമാതൃക: മന്ത്രി റിയാസ്

തിരുവനന്തപുരം: കേരളത്തിലെ ഉത്തരവാദിത്വ ടൂറിസം യൂണിറ്റുകളുടെ 80 ശതമാനവും വനിതകളാണ് നയിക്കുന്നതെന്നത് കേരളത്തിലെ സ്ത്രീപക്ഷ ടൂറിസത്തിന്റെ വിജയമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആഗോളതലത്തിൽ പ്രശംസനേടിയ സുസ്ഥിര- അനുഭവവേദ്യ ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയിൽ കേരളം കൈവരിച്ച മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്ന കേരള ഉത്തരവാദിത്വ ടൂറിസം മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ വിനോദസഞ്ചാര ചരിത്രത്തിൽ സുവർണ അധ്യായമായി മാറുന്ന ഇന്ത്യയിലെ ആദ്യത്തെ സമഗ്ര ഉത്തരവാദിത്വ ടൂറിസം മേളയാണിതെന്നും അദ്ദേഹം പറഞ്ഞു.
വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. മികച്ച ആർടി യൂണിറ്റുകൾക്ക് നേതൃത്വം വഹിച്ച 33 പഞ്ചായത്തുകളെ ആദരിച്ചു. ആർടി യൂണിറ്റുകളിലെ സ്ത്രീകൾക്ക് ഗുണകരമാകുന്ന ഇൻട്രസ്റ്റ് സബ് വെൻഷൻ പദ്ധതിയുടെ ധാരണപത്രം വനിതാ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ വി സി ബിന്ദുവും ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാറും കൈമാറി. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരള റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉത്തരവാദിത്വ ടൂറിസം (ആർടി) യൂണിറ്റുകൾ, ആർടി സംരംഭകർ, പ്രവർത്തകർ, വ്യവസായ പങ്കാളികൾ തുടങ്ങിയവർ മേളയുടെ ഭാഗമാണ്. കനകക്കുന്നിൽ നടക്കുന്ന മേള 15ന് അവസാനിക്കും.










0 comments