സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്
ഇത് സംരംഭകരുടെ പൂക്കാലം

തിരുവനന്തപുരം: വ്യവസായ മേഖലയിൽ കേരളം വൻ കുതിപ്പിൽ. സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം പുതിയ സംരംഭങ്ങളുടെ എണ്ണം കൂടി. ഇതേ തുടർന്ന് തൊഴിലവസരവും വൻതോതിൽ കുതിച്ചു. മൊത്തത്തിലുള്ള വളർച്ച നിർണയിക്കുന്നതിൽ വ്യവസായം നിർണായക പങ്കുവഹിക്കുന്നു. 2024–25 ൽ സ്ഥിരവിലയിൽ വ്യവസായ മേഖല മൊത്ത സംസ്ഥാന മൂല്യവർധനവി (ജിഎസ്‌വിഎ) ന്‍റെ 28.49 ശതമാനം സംഭാവന ചെയ്തു. 2024-25 ൽ ഇൗ മേഖല 7.87 ശതമാനം വളർച്ച കൈവരിച്ചു. നിർമാണവും മാനുഫാക്ചറിംഗും 2024–25 ൽ യഥാക്രമം 8.12 ശതമാനവും 7.42 ശതമാനവും വളർച്ച കൈവരിച്ചു. 2024-25 ൽ ജിഎസ്‌വിഎയിലെ നിർമാണ, മാനുഫാക്ചറിംഗ് മേഖലകളുടെ വിഹിതം യഥാക്രമം 14.05 ശതമാനവും 13.08 ശതമാനവുമായിരുന്നു.
കേരള സർക്കാർ 'എന്റെ സംരംഭം, രാജ്യത്തിന്റെ അഭിമാനം’ എന്ന മുദ്രാവാക്യത്തോടെ 2022-23 നെ സംരംഭങ്ങളുടെ വർഷമായി പ്രഖ്യാപിച്ചു. 'സംരംഭങ്ങളുടെ വർഷം 1.0’ കാമ്പെയിന് കീഴിൽ, മൊത്തം 1.39 ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിച്ചു. ഇത് 8,421.6 കോടി രൂപയുടെ നിക്ഷേപവും 3 ലക്ഷം പേർക്ക് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചു. 'സംരംഭങ്ങളുടെ വർഷം 2.0’ രണ്ടാം പതിപ്പായ 2023-24 ലാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 7,048.66 കോടി രൂപയുടെ നിക്ഷേപത്തോടെ മൊത്തം 1.03 ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിച്ചു. 2.18 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 'സംരംഭങ്ങളുടെ വർഷം 3.0' കാമ്പയിൻ 2024 – 25 ൽ ആയിരുന്നു. ഇതിന്റെ ഭാഗമായി, മൊത്തം 1.17 ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിച്ചു, ഇത് 7798.55 കോടി രൂപയുടെ നിക്ഷേപവും 2025 നവംബർ വരെ 2.49 ലക്ഷം പേർക്ക് തൊഴിലവസരങ്ങളും സൃഷ്ടിച്ചു. പുതുതായി രൂപീകരിച്ച ഈ സംരംഭങ്ങളിൽ മൂന്നിലൊന്ന് വനിതാ സംരംഭകരാണ് നടത്തിക്കൊണ്ടുപോകുന്നത്.
'മിഷൻ 1000' എന്ന പേരിൽ ഒരു നൂതന പരിപാടി നാല് വർഷത്തിനുള്ളിൽ ശരാശരി 100 കോടി രൂപ വീതം വിറ്റുവരവുള്ള 1000 എംഎസ്എംഇകളെ സംരംഭങ്ങളാക്കി മാറ്റുന്നതിനായി ആരംഭിച്ചു. കേരള സമ്പദ് വ്യവസ്ഥയുടെ ഒരു സവിശേഷത ജിഎസ്‌വിഎയിൽ ഏറ്റവും ഉയർന്ന വിഹിതം സേവന മേഖലയ്ക്കാണ് എന്നതാണ്. ഇത് 2024–25 ൽ 63.45 ശതമാനമാണ്. ഇൻഫർമേഷൻ ടെക്നോളജി, ടൂറിസം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വാർത്താവിനിമയം, വ്യാപാരം, റോഡ് ഗതാഗതം ഒഴികെയുള്ള ഗതാഗതം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ നല്ല വളർച്ച രേഖപ്പെടുത്തി.










0 comments