വാർത്ത റിപ്പോർട്ട് ചെയ്തതിന് കലാപാഹ്വാനത്തിന് കേസ്: ന്യായീകരിച്ച് ആഭ്യന്തരമന്ത്രി

രമേശ് ചെന്നിത്തല
ആലപ്പുഴ: നെടുമ്പാശേരി വാഹനക്കുരുതിയുമായി ബന്ധപ്പെട്ട വാര്ത്ത റിപ്പോര്ട്ട് ചെയ്തതിന് മാധ്യമപ്രവര്ത്തകനെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതി കിട്ടിയപ്പോൾ പൊലീസ് നടപടി എടുക്കുകയായിരുന്നുവെന്നും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെയാണ് കുറ്റകരമാകുമെന്ന ചോദ്യത്തിന് ചെന്നിത്തലയ്ക്ക് മറുപടിയുണ്ടായില്ല.
ഡെപ്യൂട്ടി സ്പീക്കര് ഷാനിമോള് ഉസ്മാന്റെ പരാതിയിലാണ് കലാപാഹ്വാനം നടത്തിയെന്നാരോപിച്ചാണ് റിപ്പോര്ട്ടര് ടിവിയിലെ മനീഷ് മഹിപാലിനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരിയിലെ മിനികൂപ്പര് വാഹനാപകടക്കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിലുണ്ടായ പ്രസംഗം റിപ്പോര്ട്ട് ചെയ്തതിനാണ് കേസ്. നാട്ടിൽ കലാപം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ വാർത്ത പ്രചരിപ്പിച്ച് ഷാനിമോള് ഉസ്മാനെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തിയെന്നാണ് എഫ്ഐആറിൽ ആരോപിക്കുന്നത്.









0 comments