ഒരു കോടി വരെ പിഴ; സംസ്ഥാനത്തെ ഓൺലൈൻ ടാക്സികൾക്ക് പുതിയ ചട്ടം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ ടാക്സികൾക്ക് പുതിയ ചട്ടങ്ങൾ പുറത്തിറക്കി മോട്ടോർ വാഹന വകുപ്പ്. യൂബർ, ഓല, റാപിഡോ തുടങ്ങിയ ഓൺലൈൻ ടാക്സി സേവനങ്ങളിൽ നിന്നുണ്ടാകുന്ന പിഴവുകൾക്ക് ഒരു കോടി രൂപ വരെ പിഴയീടാക്കാൻ പുതിയ ചട്ടപ്രകാരം സാധിക്കും.
പുതിയ ചട്ടപ്രകാരം ആർക്കുവേണമെങ്കിലും ഒരു ലക്ഷം രൂപ അപേക്ഷാഫീസ് അടച്ച് ഓൺലൈൻ ടാക്സി സേവനം ആരംഭിക്കാം. അഞ്ച് ലക്ഷം രൂപയാണ് ലൈസൻസ് നേടാനുള്ള ഫീസ്. അഞ്ച് വർഷമാണ് ലൈസൻസിന്റെ കാലാവധി. കാലാവധി കഴിയുന്ന മുറയ്ക്ക് 25,000 രൂപ അടച്ച് പുതുക്കാൻ സാധിക്കും.
ഡ്രൈവർമാർക്ക് കുറഞ്ഞത് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ടേം ഇൻഷുറൻസും നിർബന്ധമായും നൽകാൻ കമ്പനി ഉടമകൾ ബാധ്യസ്ഥരാണ്. ടാക്സി സേവനങ്ങളിലൂടെ ലഭിക്കുന്ന വാടകയുടെ 90 ശതമാനവും ഡ്രൈവർക്ക് ലഭിക്കണമെന്നും പുതിയ ചട്ടം പറയുന്നു.
ഡൈനാമിക് പ്രൈസ് വാങ്ങുമ്പോൾ സർക്കാർ നിശ്ചയിക്കുന്ന നിരക്കിനേക്കാൾ 50 ശതമാനം കുറവോ രണ്ടു മടങ്ങ് അധികമോ കമ്പനികൾക്ക് വാങ്ങാം. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കു 10 ലക്ഷം രൂപ, എൽഎംവി വിഭാഗത്തിന് 30 ലക്ഷം, ബസ് വിഭാഗത്തിന് 50 ലക്ഷം എന്നിങ്ങനെ സെക്യൂരിറ്റി നിക്ഷേപം അടയ്ക്കണം.
കൂടാതെ എല്ലാ വാഹനങ്ങളിലും ലൊക്കേഷൻ ട്രാക്കിങ്ങും അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്കുപയോഗിക്കാവുന്ന പാനിക് ബട്ടണും സജ്ജീകരിച്ചിരിക്കണമെന്നും നിർദേശമുണ്ട്.









0 comments