സംസ്ഥാനത്ത് ഹൈസ്കൂൾ ക്ലാസുകളിൽ അരമണിക്കൂർ അധികപഠന സമയം ഈ അധ്യയനവർഷവും തുടരും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പഠനസമയം അരമണിക്കൂർ വർധിപ്പിച്ചുകൊണ്ടുള്ള സമയക്രമം ഈ അധ്യയന വർഷവും (2026-27) തുടരുമെന്ന് റിപ്പോർട്ട്. സ്കൂൾ കലണ്ടർ പ്രകാരം പുതിയ അധ്യയനവർഷത്തിൽ 197 സാധാരണ പഠനദിനങ്ങളാണ് ഉള്ളത്.
ഇത് ആകെ 985 മണിക്കൂർ വരും. എന്നാൽ, വിദ്യാഭ്യാസ അവകാശ നിയമവും കേരള വിദ്യാഭ്യാസ ചട്ടങ്ങളും പ്രകാരം ഹൈസ്കൂളുകളിൽ വർഷത്തിൽ 220 ദിവസങ്ങൾ അല്ലെങ്കിൽ 1100 മണിക്കൂർ പഠനം നിശ്ചയിച്ചിട്ടുണ്ട്. ഈ നിശ്ചിത മണിക്കൂറുകൾ ഉറപ്പാക്കുന്നതിനാണ് മുൻവർഷത്തെ അതേ രീതി തന്നെ ഇത്തവണയും പിന്തുടരാൻ തീരുമാനിച്ചത്.
വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തിദിനങ്ങളിലാണ് അരമണിക്കൂർ അധികമായി ക്ലാസുകൾ ഉണ്ടാവുക. രാവിലെ 15 മിനിറ്റും ഉച്ചകഴിഞ്ഞ് 15 മിനിറ്റും അധികസമയം ഉൾപ്പെടുത്തി കഴിഞ്ഞവർഷം പിരീഡുകൾ ക്രമീകരിച്ചിരുന്നു. ഈ രീതി തന്നെയാണ് ഇപ്പോഴും തുടരുന്നത്.
നിയമപ്രകാരം ഒന്ന് മുതൽ അഞ്ച് വരെയുള്ള എൽപി ക്ലാസുകളിൽ 800 മണിക്കൂറും യുപി ക്ലാസുകളിൽ 1000 മണിക്കൂറുമാണ് പഠനസമയം നിഷ്കർഷിച്ചിട്ടുള്ളത്. ഇതിൽ എൽപി ക്ലാസുകളിൽ നിലവിലെ പ്രവൃത്തിദിനങ്ങൾ തന്നെ മതിയാകും.
എന്നാൽ യുപി ക്ലാസുകളിൽ ആവശ്യമായ സമയത്തിൽ 15 മണിക്കൂറിന്റെ കുറവുണ്ട്. ഇത് നികത്തുന്നതിനായി മൂന്ന് ശനിയാഴ്ചകൾ യുപി വിഭാഗത്തിന് പ്രവൃത്തിദിനമാക്കും. ഹൈസ്കൂൾ വിഭാഗത്തിൽ കുറവുള്ള സമയം പരിഹരിക്കാൻ ആറ് ശനിയാഴ്ചകളാണ് പ്രവൃത്തിദിനമാക്കുക.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ച്, വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ച് സ്കൂൾ കലണ്ടർ തയ്യാറാക്കാൻ 2024 ഓഗസ്റ്റിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്കൂൾ കൗൺസിലർമാർ എന്നിവരുമായി വിപുലമായ ആശയവിനിമയം നടത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞവർഷം സമയമാറ്റം നടപ്പാക്കിയത്. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നറിഞ്ഞിട്ടും അന്ന് കോൺഗ്രസ്, ലീഗ് അനുകൂല അധ്യാപക സംഘടനകൾ ഈ സമയമാറ്റത്തിനെതിരെ വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയർത്തിയിരുന്നു.
എന്നാൽ യുഡിഎഫ് അധികാരത്തിലെത്തിയതോടെ, അന്ന് പ്രതിഷേധിച്ചവർ തന്നെ ഇപ്പോൾ ഇതേ സമയക്രമവുമായി മുന്നോട്ട് പോവുകയാണ് എന്നതും ശ്രദ്ധേയമാണ്.











0 comments