Deshabhimani

print edition വന്യജീവി ആക്രമണം; ജനങ്ങൾക്ക്‌ സുരക്ഷ ഒരുക്കേണ്ടത്‌ സർക്കാരിന്റെ കടമ

kerala highcourt new

ഹൈക്കോടതി

വെബ് ഡെസ്ക്

Published on Oct 24, 2026, 01:30 AM | 1 min read

കൊച്ചി : വന്യജീവി ആക്രമണം തടയാനും ഇരകൾക്ക് സംരക്ഷണം നൽകാനും സർക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. വന്യജീവികളെ സംരക്ഷിക്കുന്നതോടൊപ്പം പൗരരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. ജനവാസകേന്ദ്രങ്ങളും കാർഷികവിഭവങ്ങളും വന്യജീവി ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തിൽനിന്ന് സർക്കാരിന് ഒളിച്ചോടാനാകില്ലെന്നും ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് വ്യക്തമാക്കി.


കാട്ടാന ആക്രമണത്തിൽ സ്ഥിരവൈകല്യം സംഭവിച്ച വയനാട് വൈത്തിരി തരിയോട് സ്വദേശിയായ കർഷകൻ വി കെ സാബുവിന് 5,37,030 രൂപ എട്ടുശതമാനം പലിശസഹിതം നൽകാനുള്ള മുൻസിഫ് കോടതി ഉത്തരവ് ശരിവച്ചാണ് സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം.

2017 ജൂലൈ അഞ്ചിന്‌ വീട്ടുമുറ്റത്തുവച്ചാണ്‌ സാബുവിനെ കാട്ടാനകൾ ആക്രമിച്ചത്‌. അടിയന്തരസഹായമായി വനംവകുപ്പ് 75,000 രൂപ മാത്രമാണ് നൽകിയത്. ചികിത്സയ്‌ക്കും മറ്റുമായി അഞ്ചു ലക്ഷത്തിലേറെ ചെലവായി.


ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ഹർജി അനുവദിച്ച്‌ കൽപ്പറ്റ മുൻസിഫ് കോടതി 5.37 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ സെഷൻസ് കോടതി തള്ളിയതോടെയാണ്‌ വനംവകുപ്പ് ഹൈക്കോടതിയെ സമീപിച്ചത്. ചട്ടപ്രകാരമുള്ള തുക നൽകിയെന്നും കൂടുതൽ അനുവദിക്കാനാകില്ലെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം.


വന്യമൃഗങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും വനാതിർത്തിയിൽ താമസിക്കുന്നവർക്കുനേരെയുള്ള ആക്രമണങ്ങൾ തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വനംവകുപ്പ് ചൂണ്ടിക്കാട്ടി. എന്നാൽ, കോടതി ഇത് അംഗീകരിച്ചില്ല. വന്യജീവി ആക്രമണത്തിനിരയായവർക്ക് സർക്കാർ നിശ്ചയിച്ച പരിമിതമായ തുകയേക്കാൾ കൂടുതൽ നഷ്ടപരിഹാരം സിവിൽ കോടതി വഴി ലഭ്യമാക്കാൻ ഇരകൾക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.


വനമേഖലയോടുചേർന്നുള്ള ജനവാസകേന്ദ്രങ്ങളിൽ വേലിയും ട്രഞ്ചുകളും ഒരുക്കുന്നതിൽ വനംവകുപ്പിന് വീഴ്ചയുണ്ടായതായും കോടതി വിലയിരുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home