പക്ഷിപ്പനി: കോഴി, താറാവ്, മുട്ട വിൽപ്പനയ്ക്ക് ഒരാഴ്ച നിരോധനം; ഇറച്ചി വിൽപ്പനയും നിർത്തിവയ്ക്കും

പ്രതീകാത്മക ചിത്രം, എഐ നിർമിതം
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണ മേഖലയിൽ കോഴി, താറാവ് ഉൾപ്പടെയുള്ള വളർത്തുപക്ഷികളുടെയും മുട്ട, ഇറച്ചി തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപ്പന നിരോധിച്ചു. രോഗപ്രഭവ കേന്ദ്രങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ഒരാഴ്ചത്തേയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചൊവ്വാഴ്ച ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന നടപടികളും തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങളും പൂർത്തിയാകുന്നതുവരെയാണ് നിരോധനം ഏർപ്പെടുത്തിയത്. താറാവ്, കോഴി, കാട ഉൾപ്പെടെയുള്ള വളർത്തുപക്ഷികൾ, ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയും കടത്തലും നിരോധിച്ചു. മൂന്ന് മാസത്തേക്ക് പക്ഷിവളർത്തലിനും നിരോധനമുണ്ടാകും. പൊതുജനങ്ങളും വ്യാപാരികളും പ്രതിരോധ നടപടികളുമായി സഹകരിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.
ആലപ്പുഴ നഗരസഭയിലെ 13 വാർഡുകളും ഹരിപ്പാട്, മാവേലിക്കര നഗരസഭകളും നിരോധന പരിധിയിൽ ആലപ്പുഴ നഗരസഭയിലെ ബീച്ച്, കുതിരപ്പന്തി, മുല്ലാത്തുവളപ്പ്, തിരുവമ്പാടി, പഴവീട്, പള്ളാത്തുരുത്തി, വാടയ്ക്കൽ, ഗുരുമന്ദിരം, ഇരവുകാട്, ഹൗസിങ് കോളനി, കൈതവന, സനാതനപുരം, കളർകോട് വാർഡുകളിലാണ് നിയന്ത്രണം. ഹരിപ്പാട്, മാവേലിക്കര നഗരസഭകൾക്ക് പുറമെ അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോർത്ത്, പുറക്കാട്, കൈനകരി, ചമ്പക്കുളം, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, തലവടി, പാണ്ടനാട്, എടത്വ, തകഴി, ബുധനൂർ, പത്തിയൂർ, കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി, ചിങ്ങോലി, വീയപുരം, പള്ളിപ്പാട്, മാവേലിക്കര തെക്കേക്കര, തഴക്കര, ചെറിയനാട്, പുലിയൂർ, ചെറുതന, ആറാട്ടുപുഴ, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാർ, നിരണം, കടപ്ര, നെടുമ്പ്രം, പുളിക്കീഴ് ഗ്രാമപഞ്ചായത്തുകളിലും നിരോധനം ബാധകമാണ്. പട്ടികയിലെ അവസാന നാല് ഗ്രാമപഞ്ചായത്തുകൾ പത്തനംതിട്ട ജില്ലയിലാണ്.
ഇന്ന് രാവിലെയാണ് ആലപ്പുഴ ജില്ലയിലെ നോർത്ത്, ചെന്നിത്തല ഗ്രാമ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രദേശത്ത് 26000 വളർത്ത് പക്ഷികളെ കൊല്ലും. അമ്പലപ്പുഴ വടക്ക് പതിനൊന്നാം വാർഡിലെ ഫാമിലെ കാടകൾ കോഴികൾക്കൊപ്പം ചെന്നിത്തല പഞ്ചായത്തിലെ ഫാമിലെ താറാവുകൾ കോഴികൾ എന്നീ പക്ഷികളിലാണ് രോഗ നിർണയം നടത്തിയത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്യൂട്ടിൽ ഇവയുടെ സാമ്പിളുകൾ അയച്ചു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
അതേസമയം, പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. രോഗബാധിത പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യത പൊതുവെ കുറവാണെങ്കിലും, രോഗബാധയുണ്ടായാൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഉയർന്ന മരണനിരക്കിനും കാരണമായേക്കാം. ഈ സാഹചര്യത്തിൽ രോഗബാധിതമോ രോഗം സംശയിക്കുന്നതോ ആയ പക്ഷികളുമായി സമ്പർക്കത്തിൽ വരുന്നവർ പ്രത്യേക ജാഗ്രതയും വ്യക്തിഗത സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കേണ്ടതാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
മനുഷ്യരിൽ പക്ഷിപ്പനി ബാധിച്ചാൽ ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ:
* പനി
* ശക്തമായ ശരീരവേദന
* ചുമ
* ജലദോഷം
* തൊണ്ടവേദന
* ശ്വാസംമുട്ടൽ
ഗുരുതര ലക്ഷണങ്ങൾ:
* കഫത്തിൽ രക്തം കാണപ്പെടുക
* ശ്വാസകോശ സംബന്ധമായ മറ്റ് ഗുരുതര അണുബാധകൾ
പക്ഷികളുമായോ ചത്ത പക്ഷികളുമായോ സമ്പർക്കത്തിൽ വന്നിട്ടുള്ളവർക്ക് മേൽപ്പറഞ്ഞ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ യാതൊരു കാരണവശാലും സ്വയം ചികിത്സ നടത്തരുതെന്ന് അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെയോ ആരോഗ്യപ്രവർത്തകരെയോ വിവരം അറിയിച്ച് വൈദ്യസഹായം തേടണം. ആശുപത്രികളിൽ എത്തുന്ന രോഗികളും പൊതുജനങ്ങളും മാസ്ക് ധരിക്കുകയും ശ്വാസകോശ സംബന്ധമായ അണുബാധാ നിയന്ത്രണ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.








0 comments