ടിക്കറ്റ് നഷ്ടമായെന്ന് പരാതി; ക്രിസ്മസ് ബമ്പർ സമ്മാനവിതരണം ഹൈക്കോടതി തടഞ്ഞു

കൊച്ചി: 20 കോടിയുടെ ക്രിസ്മസ്–പുതുവത്സര ബമ്പർ ലോട്ടറി സമ്മാനത്തുക വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ടിക്കറ്റ് നഷ്ടമായെന്നുകാട്ടി എറണാകുളം പാഴൂർ സ്വദേശിയും റിട്ട. എഎസ്ഐയുമായ കെ കെ സജിമോൻ നൽകിയ പരാതിയിലാണ് നടപടി. കേസിൽ ലോട്ടറി വകുപ്പിന് കോടതി നോട്ടീസ് അയച്ചു.
പാഴ്സലിനൊപ്പം അബദ്ധത്തിൽ ലോട്ടറി ടിക്കറ്റും വിശാഖപട്ടണത്തേക്ക് പോയെന്നാണ് സജിമോന്റെ പരാതി. ടിക്കറ്റ് കാണാതായതോടെ ആദ്യം പിറവം പൊലീസിനെ സമീപിച്ചു. പിന്നീട് ഹൈക്കോടതിയിൽ ഹർജി നൽകുകയുമായിരുന്നു.
നിലവിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തിന് അവകാശവാദം ഉന്നയിച്ച വ്യക്തിയുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ നൽകണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരരവിട്ടു. സമ്മാനാർഹമായ ടിക്കറ്റിന്റെ ഇരുവശങ്ങളുടെയും വ്യക്തമായ പകർപ്പ് ഹാജരാക്കണം. സമ്മാനാർഹമായ ടിക്കറ്റ് ഇതിനോടകം ആരെങ്കിലും ഹാജരാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ ആധികാരികതയും കൈമാറ്റരേഖകളും വിശദ പരിശോധനയ്ക്ക് വിധേയമാക്കാനും കോടതി നിർദേശിച്ചു. കേസിൽ ലോട്ടറിവകുപ്പിന്റെ മറുപടിയും ഹാജരാക്കുന്ന രേഖകളും പരിശോധിച്ചശേഷം കോടതി തുടർനടപടികൾ സ്വീകരിക്കും.










0 comments