Deshabhimani

റോജിയും സിസയും തോറ്റു; കാലടിയിലെ വിദ്യാര്‍ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി

kalady
വെബ് ഡെസ്ക്

Published on Nov 23, 2026, 10:39 AM | 2 min read

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ പോരാട്ടം വിജയിച്ചു. സമരം ചെയ്തതിന്‍റെ പേരില്‍ സസ്പെന്‍ഷനിലായ 16 വിദ്യാർഥികളുടെ സസ്പെൻഷന്‍ ഹൈക്കോടതി റദ്ദാക്കി. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാം. അന്വേഷണസമിതിയെ നിയോഗിച്ച ഉത്തരവും സമിതിയുടെ റിപ്പോർട്ടും വിദ്യാർഥികൾ മാപ്പുപറയണമെന്ന സിൻഡിക്കറ്റ് തീരുമാനവും ഹൈക്കോടതി റദ്ദാക്കി.


83 ദിവസം നീണ്ട പോരാട്ടത്തിനാണ് വിജയം കണ്ടത്. സംഘപരിവാര്‍ നോമിനിയായ താല്‍ക്കാലിക വിസി സിസ തോമസിന്റെ പ്രതികാരനടപടികൾക്കും അതിന് കൂട്ടുനിന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനുമേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധി.


വിദ്യാർഥികളെ ഉടൻ ക്യാമ്പസിൽ പ്രവേശിപ്പിക്കണമെന്നും ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും ഉത്തരവിട്ടു. സുപ്രീംകോടതിയിൽ നൽകിയ ഉറപ്പുപ്രകാരം വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്താനും സർവകലാശാലയോട് നിർദേശിച്ചു. പുതുതായി അന്വേഷണം നടത്താൻ സർവകലാശാലയ്ക്ക് തടസ്സമില്ലെങ്കിലും അതിന്റെ പേരിൽ വിദ്യാർഥികളെ വീണ്ടും സസ്പെൻഡ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. പുതിയ അന്വേഷണത്തിൽ വിദ്യാർഥികൾക്കെതിരെ കണ്ടെത്തലുകളുണ്ടായാൽ തുടർനടപടി തീരുമാനിക്കുമ്പോൾ നേരത്തേ സസ്പെൻഷനിൽ കഴിഞ്ഞ കാലയളവ് പരിഗണിക്കണമെന്നും നിർദേശിച്ചു.


ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തിന്റെ ഭാഗമായി നാടകം അവതരിപ്പിച്ചതിനാണ് വിദ്യാർഥികളെ മൂന്നുമാസത്തോളം സസ്പെൻഡ് ചെയ്തത്. സെമസ്റ്റർ പരീക്ഷയെഴുതാനുള്ള അവസരംപോലും നിഷേധിച്ച് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കാനായിരുന്നു സിസ തോമസിന്റെ നേതൃത്വത്തിൽ നടന്ന നീക്കം. സസ്പെൻഷനെതിരെ ഹൈക്കോടതിയെ സമീപിച്ച വിദ്യാർഥികൾക്ക് സിംഗിൾ ബെഞ്ച് പരീക്ഷയെഴുതാൻ അനുമതി നൽകിയെങ്കിലും അതും തടയാൻ സർവകലാശാല അപ്പീൽ നൽകി. വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്ന ആവശ്യവുമായി ഒരു സർവകലാശാല തന്നെ കോടതിയെ സമീപിച്ചത് അസാധാരണ സംഭവമായി.


സർവകലാശാലയിൽ കുടിവെള്ളം, അധ്യാപകർ, നാടകപഠനത്തിന് ആവശ്യമായ സ്പോട്ട് ലൈറ്റുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സമരം ആരംഭിച്ചത്. ആവശ്യങ്ങള്‍ കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ആഗസ്ത് 13ന് നാടകവിഭാഗത്തിലെ പ്രവർത്തനരഹിതമായ ലൈറ്റുകളുടെ പ്രതീകാത്മക ശവസംസ്കാരവും വിദ്യാർഥികൾ സംഘടിപ്പിച്ചു. എന്നാൽ, വിസിയുടെ ശവമഞ്ചം ഒരുക്കിയെന്ന കള്ളക്കഥയുണ്ടാക്കി സിസ തോമസ് വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.


ഇതേത്തുടര്‍ന്ന് സെപ്തംബർ ഒന്നിന് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. സസ്പെൻഷന് ന്യായീകരണമായി വിദ്യാർഥികൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സർവകലാശാല അധികൃതർ ഉന്നയിച്ചത്. ആഗസ്ത് 13ന് സിൻഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധത്തിൽ വിസിയെ ആക്രമിച്ചെന്നും വിസിയുടെ ശവമഞ്ചം ഒരുക്കിയെന്നും ആരോപിച്ചു.


എന്നാൽ, സർവകലാശാല നിയോഗിച്ച അന്വേഷണസമിതിയുടെ റിപ്പോർട്ടിൽ വിദ്യാർഥികൾക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് വ്യക്തമായി. എന്നിട്ടും സസ്പെൻഷൻ പിൻവലിക്കാൻ സിസ തോമസ് തയ്യാറായില്ല.


വിദ്യാർഥികളെ പുറത്തുനിർത്തിയതിനു പിന്നാലെ പരീക്ഷയെഴുതുന്നതും തടയാനായിരുന്നു നീക്കം. നവംബർ നാലിന് സെമസ്റ്റർ പരീക്ഷ ആരംഭിക്കാനിരിക്കെ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസരം നിഷേധിച്ചു. ഇതിനെതിരെ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ 30ന് സിംഗിൾ ബെഞ്ച് പരീക്ഷയെഴുതാൻ ഇടക്കാല അനുമതി നൽകിയെങ്കിലും സർവകലാശാല അപ്പീലുമായി ഡിവിഷൻ ബെഞ്ചിലെത്തി. നവംബർ മൂന്നിന് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതോടെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു.


വിദ്യാർഥികളെ മാസങ്ങളോളം ക്യാമ്പസിൽ പ്രവേശിപ്പിക്കാതെ പുറത്തുനിർത്തിയ അധികൃതർ, ഹാജർ കുറവാണെന്ന കാരണവും ഉയർത്തി പരീക്ഷ തടയാൻ ശ്രമിച്ചു. സസ്പെൻഷൻ പിൻവലിക്കാൻ മാപ്പെഴുതി നൽകണമെന്ന നിബന്ധനയും മുന്നോട്ടുവച്ചു. 12 വിദ്യാർഥികൾ മാപ്പെഴുതിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്നും നാലുപേരുടെ സസ്പെൻഷൻ രണ്ടുമാസത്തേക്ക് കൂടി നീട്ടാമെന്നുമായിരുന്നു സർവകലാശാലയുടെ തീരുമാനം. എന്നാൽ, ചെയ്യാത്ത കുറ്റത്തിന് മാപ്പുപറയില്ലെന്ന നിലപാടിൽ വിദ്യാർഥികൾ ഉറച്ചുനിന്നു.


സമരത്തെ അധിക്ഷേപിച്ചും സിസ തോമസിന്റെ നടപടികളെ ന്യായീകരിച്ചുമാണ് മന്ത്രി റോജി എം ജോണും രംഗത്തെത്തിയത്. സമരത്തെ 'അപരിഷ്കൃതം' എന്ന് വിശേഷിപ്പിച്ച മന്ത്രി, നാടകവിഭാഗത്തിലെ ലൈറ്റുകളുടെ പ്രതീകാത്മക ശവസംസ്കാരത്തെ വിസിയുടെ ശവമഞ്ചം ഒരുക്കിയ പ്രതിഷേധമായി ചിത്രീകരിച്ചു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും അന്വേഷണസമിതി റിപ്പോർട്ടും പുറത്തുവന്നിട്ടും നിലപാട് തിരുത്താൻ മന്ത്രി തയ്യാറായില്ല. സസ്പെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർവകലാശാലയാണ് തീരുമാനമെടുക്കേണ്ടതെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. പഠനസൗകര്യങ്ങൾ ആവശ്യപ്പെട്ട വിദ്യാർഥികൾക്കെതിരായ നടപടികൾ അവസാനിപ്പിക്കാൻ ഇടപെടുന്നതിന് പകരം വിസിയുടെ നിലപാടിന് പിന്തുണ നൽകുകയായിരുന്നു മന്ത്രി.


വിദ്യാർഥികളെ രണ്ടുമാസത്തിലേറെയായി പുറത്തുനിർത്തിയിട്ടും സർവകലാശാലയുടെ അരിശം തീർന്നില്ലേയെന്ന് കേസ് പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചിരുന്നു. വിദ്യാർഥികളുടെ സമരത്തെ അടിച്ചമർത്താൻ സ്വീകരിച്ച നടപടികൾക്കെതിരെ കോടതിയിൽനിന്നുതന്നെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home