തുല്യതയ്‌ക്കുള്ള അവസരം നിഷേധിക്കരുത്; കള്ളുഷാപ്പിൽ സ്ത്രീകൾക്കും ജോലിചെയ്യാം: ഹെെക്കോടതി

കൊച്ചി : സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യം ഒരുക്കുകയാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്നും വിലക്കേർപ്പെടുത്തുകയല്ല വേണ്ടതെന്നും ഹെെക്കോടതി. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിവേചനം അവസാനിപ്പിക്കാൻ ആധുനികകാലത്ത് ഭരണാധികാരികൾക്ക് ബാധ്യതയുണ്ടെന്നും ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി. കള്ളുഷാപ്പുകളിൽ സ്ത്രീകൾക്ക് ജോലി നൽകുന്നത് വിലക്കുന്ന അബ്കാരി ചട്ടത്തിലെ വ്യവസ്ഥ റദ്ദാക്കിയാണ് ഉത്തരവ്.
കള്ളുഷാപ്പ് ജീവനക്കാരനായിരുന്ന ഭർത്താവ് മരിച്ചതോടെ ആശ്രിതനിയമനത്തിന് നൽകിയ അപേക്ഷ അധികൃതർ നിരസിച്ചതിനെതിരെ തൃശൂർ സ്വദേശി സോഫി നൽകിയ ഹർജിയിലാണ് ഉത്തരവ്.
കേരള അബ്കാരി ഷോപ്സ് ഡിസ്പോസൽ റൂൾസിലെ 7(37) വകുപ്പും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു. ഈ വകുപ്പ് മൗലികാവകാശങ്ങൾക്കും തുല്യതയ്ക്കും നിരക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ് നടപടി. ചൂഷണങ്ങളിൽനിന്നും തൊഴിലിടങ്ങളിലെ അതിക്രമങ്ങളിൽനിന്നും സ്ത്രീകളെ സംരക്ഷിക്കാനാണ് ഇത്തരമൊരു നിയമമെന്നായിരുന്നു സർക്കാർ വാദം.
എന്നാൽ, സുരക്ഷിതമായ തൊഴിലിടം ഒരുക്കുകയാണ് വേണ്ടതെന്ന് കോടതി ഓർമിപ്പിച്ചു. സ്ത്രീകൾ ഡ്രൈവറായും പൈലറ്റായും ജോലി ചെയ്യുന്നുണ്ട്. പൊലീസിലും സൈന്യത്തിലും മികച്ചരീതിയിൽ സേവനം ചെയ്യുന്നു.
സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്ന തൊഴിൽ തെരഞ്ഞെടുക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരിയുടെ ആശ്രിതനിയമന അപേക്ഷ തീർപ്പാക്കാനും ഉത്തരവിട്ടു. വിദേശമദ്യ ഷാപ്പുകളിൽ സ്ത്രീകൾക്ക് ജോലി നൽകുന്നതിനുള്ള വിലക്ക് നേരത്തേ കോടതി നീക്കിയിരുന്നു









0 comments