print edition ഗവ. പ്ലീഡർ നിയമനത്തിൽ വീണ്ടും വിവാദം; മൂന്നാമത്തെ രാജി

പ്രതീകാത്മക ചിത്രം
കൊച്ചി: ഗവൺമെന്റ് പ്ലീഡർ നിയമനങ്ങളിൽ കോൺഗ്രസിലും മുസ്ലിംലീഗിലും അതൃപ്തി പുകയുന്നതിനിടെ ഹെെക്കോടതിയിൽ വീണ്ടും രാജി. അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിൽ ചുമതലയുള്ള സീനിയർ ഗവ. പ്ലീഡർ അഡ്വ. എം വി വിപിനാണ് രാജിവച്ചത്.
അഡ്വക്കറ്റ് ജനറലിന്റെ അടുത്ത ബന്ധുവെന്ന ആരോപണമുയർന്നതോടെയാണിത്. പാർടിയിലും മുന്നണിയിലും ബന്ധപ്പെട്ട സംഘടനകളിലും കൂടിയാലോചിക്കാതെ മുഖ്യമന്ത്രി നടത്തിയ നിയമനങ്ങളാണ് വിവാദത്തിലായത്. സതീശൻ ചോദിച്ചുവാങ്ങിയ മൂന്നാമത്തെ രാജിയാണിത്.
ശബരിമല സ്വർണമോഷണക്കേസ് പ്രതിയായ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകൻ കെ ബി പ്രദീപിനെ ദേവസ്വംവകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത് വിവാദമായപ്പോൾ രാജി വച്ചിരുന്നു. പ്രദീപിന്റെ ആർഎസ്എസ് – ബിജെപി രാഷ്ട്രീയ പശ്ചാത്തലമാണ് വിവാദത്തിനിടയാക്കിയത്.
സീനിയർ ഗവ. പ്ലീഡറായി നിയമിച്ച പി ദീപ്തിയും ചുമതലയേൽക്കാതെ രാജിവച്ചു. സ്‌പെഷൽ ജിപിയായി നിയമിച്ച ജോൺ വർഗീസ് ചുമതലയേറ്റെടുക്കാതെ പ്രതിഷേധത്തിലാണ്. മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് അസിസ്റ്റന്റ് സോളിസിറ്റർ ജനറലായിരുന്നെന്നും അതിൽക്കുറഞ്ഞ പദവിയിലാണ് നിയമനമെന്നും പറഞ്ഞാണിത്.
അഡീഷണൽ എജിയുടെ റാങ്കിൽ ധനവകുപ്പിൽ നിയമനം വേണമെന്നാണ് കെ സി വേണുഗോപാലിന്റെ അടുത്തയാളായ ജോൺ വർഗീസിന്റെ ആവശ്യം. സഹകരണ വകുപ്പിൽ സീനിയർ പ്ലീഡറായുള്ള അരുൺ ചന്ദ്രന്റെ നിയമനവും തർക്കത്തിലാണ്. സ്-പെഷൽ ഗവ. പ്ലീഡറായി നിയമിക്കണമെന്നാണ് ആവശ്യം.
ഇതിനുപുറമെ മുൻ സുപ്രീംകോടതി ജഡ്ജിയുടെ ബന്ധുവിനെ നികുതിവകുപ്പിൽ അഡീഷണൽ എജി റാങ്കിൽ നിയമിക്കാനുള്ള നീക്കത്തിനെതിരെ ലോയേഴ്സ് കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.
കോൺഗ്രസ് അഭിഭാഷകരെ പരിഗണിക്കാത്തതും പാർടിയുമായി ബന്ധമില്ലാത്തവരെ പല താൽപ്പര്യങ്ങളുടെ പേരിൽ നിയമിക്കുന്നതുമാണ് അതൃപ്തിക്ക് കാരണം. അർഹമായ പരിഗണന ലഭിച്ചില്ലെന്നും ലീഗിന് ലഭിക്കേണ്ട പോസ്റ്റുകളിൽ മറ്റ് പലരും കടന്നുകൂടിയതായും ലീഗേഴ്സ് ഫോറവും പരാതി ഉന്നയിച്ചിട്ടുണ്ട്.










0 comments