print edition തെരഞ്ഞെടുപ്പുചെലവ്; അയോഗ്യരാക്കും മുൻപ് സ്ഥാനാർഥികളെ കേൾക്കണം: ഹെെക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പുചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന്റെ പേരിൽ സ്ഥാനാർഥികളെ അയോഗ്യരാക്കുന്നതിനുമുന്പ് കൃത്യമായ നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി.
2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുശേഷം അയോഗ്യരാക്കിയതിനെതിരെ തൃശൂർ അന്നമനടയിലെ ധന്യ ദേവദാസ് അടക്കം ഒരുകൂട്ടം സ്ഥാനാർഥികൾ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.
അയോഗ്യത കൽപ്പിക്കുന്നതിനുമുന്പ് കേരള പഞ്ചായത്ത് രാജ് ചട്ടങ്ങൾപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്ന് കോടതി വ്യക്തമാക്കി. നോട്ടീസോ വിശദീകരണത്തിന് അവസരമോ നൽകാതെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തങ്ങളെ അയോഗ്യരാക്കിയതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കമീഷന് കണക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു. ഇത് പരിശോധിച്ചശേഷം വീഴ്ചവരുത്തിയവർക്ക് കാരണംകാണിക്കൽ നോട്ടീസ് അയക്കണം. നോട്ടീസ് ലഭിച്ച് 20 ദിവസത്തിനുള്ളിൽ സ്ഥാനാർഥി വിശദീകരണം നൽകണം. ഈ വിശദീകരണവും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ റിപ്പോർട്ടും പരിശോധിച്ചശേഷമേ അയോഗ്യതാനടപടിയിലേക്ക് കടക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.










0 comments