അമലിന്റെ ഹൃദയം ഇനിയും തുടിക്കും: കേരളത്തില്‍ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്ക മരണം സംഭവിച്ച മലയിൻകീഴ് സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക് നൽകുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം എയർ ലിഫ്റ്റ് ചെയ്യും. മലപ്പുറം സ്വദേശിയായ 33കാരന് വേണ്ടിയാണ് ഹൃദയം കൊണ്ടുപോകുന്നത്.
നാല് ദിവസം മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റാണ് 25കാരൻ ഇന്ന് രാവിലെയാണ് മരിച്ചത്. നിലവിൽ ശസ്ത്രക്രിയ നടപടികൾ പുരോഗമിക്കുകയാണ്. 11.30 മണിയോടെ ഹൃദയം എയർ ലിഫ്റ്റ് ചെയ്യുമെന്നാണ് വിവരം. അമലിന്റെ ഹൃദയം ഉള്‍പ്പടെയുള്ള നാല് അവയങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികള്‍ക്കാണ് നല്‍കിയത്.
ഈഞ്ചക്കലില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അമല്‍ ഒക്ടോബര്‍ 12ന് രാത്രി ഒന്‍പതിന് ജോലി ചെയ്തു മടങ്ങുമ്പോള്‍ കുണ്ടമണ്‍ കടവിന് സമീപം അമല്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ വശത്ത് നിന്ന് വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടന്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഒക്ടോബര്‍ 15ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. അച്ഛന്‍: എ ബാബു (റിട്ട. എസ്ഐ). അമ്മ: ഷിംല ബാബു. സഹോദരി: ആര്യ.










0 comments