print edition അസിസ്റ്റന്റ് സർജൻ നിയമന അട്ടിമറി; വിവാദമായതോടെ തടിയൂരാൻ നെട്ടോട്ടം

തിരുവനന്തപുരം: ആരോഗ്യവകുപ്പ് അസിസ്റ്റന്റ് സർജൻ തസ്തികയിൽ പിഎസ്‍സി ശുപാർശക്രമം അട്ടിമറിച്ചുള്ള നിയമനം വിവാദമായതോടെ തടിയൂരാൻ നീക്കവുമായി സർക്കാർ. ആരോഗ്യവകുപ്പ് ഡയറക്ടർ സ്വന്തം നിലയ്ക്ക് ഇറക്കിയ ഉത്തരവിൽ ക്രമനമ്പർ കൂട്ടിച്ചേർത്ത് അവധിദിനമായ ഞായറാഴ്ചതന്നെ പിഎസ്‍സി നിയമന ശുപാർശയ്‌ക്ക് പുതിയ ഉത്തരവിറക്കി.
ഇതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്. ഇത് ചെയ്‌താലും ഉയർന്ന റാങ്ക് ലഭിച്ചവർ പുറത്താണ്. പിഎസ്‌സി പട്ടികയിലെ ഒന്നാമനുശേഷം അഞ്ചാമനും 130–ാം റാങ്കുകാരനുപകരം 392–ാം റാങ്കുകാരനെയുമാണ് നിയമിച്ചത്. പട്ടികയിലുടനീളം പൊരുത്തക്കേടാണ്.
സംവരണക്രമം പാലിച്ചുള്ള പിഎസ്‍സി ശുപാർശക്രമം തെറ്റിക്കുന്നത് സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് ചട്ടത്തിന്റെ ലംഘനമാണ്. നിയമന ശുപാർശയിൽ മുന്നിലായിട്ടും ഉത്തരവ് ലഭിക്കാത്തവരെക്കൂടി ഉൾപ്പെടുത്തി അടുത്ത പട്ടിക ഉടൻ പ്രസിദ്ധീകരിച്ച് തടിയൂരാനാണ് നീക്കം.
ആരോഗ്യവകുപ്പ് ഡയറക്ടർ കൗൺസിലിങ്ങിനെന്ന പേരിൽ ഉദ്യോഗാർഥികളെ വിളിച്ചുവരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. താൽപ്പര്യമുള്ള സ്ഥലം അറിയാനും പ്രവേശനത്തിനുള്ള തയ്യാറെടുപ്പിനുമാണ് കൗൺസിലിങ് നടത്തിയതെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷിയുടെ വാദം.
ഇവർ തയ്യാറാക്കിയ പട്ടികയിലെ ചിലർക്ക് മാത്രമാണ് സ്വന്തം ജില്ലയിൽ നിയമനം നൽകിയത്. മന്ത്രി ഓഫീസിൽനിന്നുള്ള ഇടപെടലാണ് പിന്നിൽ. ഇത് കോൺഗ്രസ് നേതാക്കൾക്കും ഭരണാനുകൂല സംഘടനകൾക്കും കോഴ ഇടപാടിന് അവസരം ഉണ്ടാക്കാനാണെന്ന് ആരോപണമുണ്ട്.










0 comments